Friday, December 28, 2018

പുതുവത്സര വിചാരങ്ങൾ

വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ കഴിഞ്ഞാൽ പുതിയൊരു വർഷം ആരംഭിക്കുകയാണ്.. 

ആധുനികതയുടെ കുതിച്ചു ചാട്ടത്തിൽ ഇന്ന് ലോകം ഒരു വിരൽ തുമ്പിലേക്ക് ചെറുതായി, മറ്റൊരു രീതിയിൽ പറഞ്ഞാൽ നമ്മൾ എന്നതിൽ നിന്നും ഞാൻ എന്നതിലേക്ക് എല്ലാ വികാരങ്ങളെയും നമ്മൾ സൗകര്യപൂർവ്വം ഒതുക്കി..

ഇന്നത്തെ നമ്മുടെ പ്രഭാതം ആരംഭിക്കുന്നത് തന്നെ വാട്സാപ്പിൽ വരുന്ന വൈകാരികമായി നമുക്ക് ഒന്നും ലഭിക്കാത്ത കുറെ ശുഭദിനം, ഗുഡ് മോർണിംഗ് ഫോർവെർഡ് മെസേജുകൾ കൊണ്ടാണ്. അത് വെറുതെ തുറന്ന് നിർവികാരത്തോടെ നോക്കി അത് മറ്റൊരുവന്റെ പേരിലേക്ക് അയച്ചുകൊണ്ടു നമ്മുടെ ദിനചര്യകൾ ആരംഭിക്കുന്നു.. ഇതു തന്നെ കിടക്കാൻ നേരവും മരുന്നെന്നു കണക്കെ നിത്യവും ചെയ്യുന്നു..

ഇതു തന്നെയാണ് മറ്റ് സോഷ്യൽ മീഡിയ സാങ്കേതങ്ങളിലും സംഭവിക്കുന്നത്.. കുറച്ചു ലൈക്കുകൾ, കമെന്റുകൾ എന്നിവയ്ക്ക് വേണ്ടി എന്തും, ഏതും ഏതറ്റവും വരെ ചെയ്യാൻ നമുക്ക് മടിയില്ലാതായി.. 

പരസ്പരം കണ്ടും, സ്പര്ശിച്ചും നമ്മൾ കാത്തു സൂക്ഷിച്ച പവിത്രമായ ബന്ധങ്ങൾ മുഴുവനും ഇപ്പോൾ സൈബർ ലോകത്തിലേക്ക് മാറി.. അടുത്തുള്ളവരെ അറിയില്ലായെങ്കിലും ഏഴാം കടലിനക്കരെയുള്ള വരെ നമുക്ക് അറിയാം..

എന്റെ നിരീക്ഷണത്തിൽ ഇതിന്റെ ഒക്കെ പരിണിത ഫലം എന്നത് നിരാശ അല്ലെങ്കിൽ ഡിപ്രഷൻ എന്ന അവസ്ഥയിൽ ആയിരിക്കും എന്നാണ് കാരണം സൈബർ ലോകത്തിലെ ആൾ കൂട്ടം വെറും മായയാണ്. 

നമ്മുക്ക് തിരിച്ചു ഒരു അഞ്ചു കൊല്ലം പുറകോട്ട് നടക്കാം.. എല്ലാ നല്ല ബന്ധങ്ങളെയും നേരിട്ട് കണ്ടു, സ്പർശിച്ചു അറ്റ് പോയ കണ്ണികളെ വീണ്ടും വിളക്കി ചേർക്കാം... അങ്ങനെ ഊഷ്മളതയുള്ള സമൂഹത്തെ നമുക്ക് വാർത്തെടുക്കാൻ നമുക്ക് സാധിക്കട്ടെ എന്ന പ്രത്യാശയോടെ എല്ലാവർക്കും എന്റെ പുതുവത്സരാശംസകൾ!!!

 
Wednesday, June 21, 2017

കൊഴിഞ്ഞുവീണ ശിശിരത്തിലൂടെ...

ഹായ് എന്ന രണ്ടക്ഷരം മുഖപുസ്തകത്തിന്റെ ജാലകം തുറന്നു മുന്നിലേക്ക് വന്നപ്പോൾ ഉണങ്ങിവരണ്ട ഭൂമിയിലേക്ക് വീണ തണുത്ത മഴത്തുള്ളി പോലെയാണ് എനിക്ക് അനുഭവപ്പെട്ടത്. ഉള്ളിന്റെ ഉള്ളിൽ വല്ലാത്ത ഒരു സന്തോഷം തിരതള്ളി പുറത്തേക്ക് വന്നുവെങ്കിലും അത് കെട്ടുപാടുകളുടെ കൂറ്റൻ മതിലുകളിൽ തട്ടി വിറച്ചു, വിറങ്ങലിച്ചു നിന്നു.

ജീവിതം എപ്പോഴും അങ്ങനെയാണ് ഒരു ആകസ്മികത ഉണ്ടാകും പക്ഷെ അത് ജീവിതത്തിൽ ഉണ്ടാക്കുന്ന ആശകൾ പലപ്പോഴും  ആശങ്കകളായിട്ടാണ് പരിണമിക്കാറ്. അതേ ആശങ്കയിലൂടെയാണ് ഇപ്പോൾ ഞാനും. ആ രണ്ടക്ഷരത്തിന് ഇപ്പോൾ പല ജീവനുകളുടെ, ജീവിതങ്ങളുടെ വിലയാണ്. അതിനെ എങ്ങനെ ഉൾക്കൊള്ളുന്നു എന്നതിനെ ആശ്രയിച്ചിരിക്കും അതിന്റെ വിലയുടെ ഏറ്റക്കുറച്ചിൽ.

എങ്കിലും ഞാൻ ചിന്തകളിൽ മയങ്ങട്ടെ. ഇപ്പോഴത്തെ വസന്തത്തേക്കാൾ കൊഴിഞ്ഞു വീണ ശിശിരത്തിലൂടെ അൽപ്പനേരം....

Saturday, March 26, 2016

സൈബർ അടിമകൾ...!!!

ജീവിതത്തിന്റെ സമസ്ഥ മേഖലകളിലും ഇന്ന് സമർട്ഫോൺ കൈകടത്തിയിരിക്കുന്നു. ലോകത്തിന്റെ സ്പന്ദനം ഇന്ന് നമ്മുടെ വിരൽ തുമ്പിലാണെങ്കിലും മുട്ടിയുരുമിയിരിക്കുന്നവന്റെ വേദനകളോ, ബുദ്ധിമുട്ടുകളോ അവൻ ഫ്‌ബിയിൽ ഇടുന്നതുവരെ നമ്മൾ അറിയാറില്ല ഇപ്പോൾ.
ഇന്നലെ വലിയ വെള്ളിയാഴ്ച്ച ആയിരുന്നല്ലോ. ഓർത്തഡോൿസ് സഭാതലവന്റെ കല്പനപ്രകാരം ഇന്നലെ സൈബർ ഫാസ്റ്റ് സഭാ വിശ്വസിയെന്ന നിലയിൽ ആചരിക്കാൻ ശ്രമിച്ചു. സത്യം ജീവിതത്തിൽ ഏറ്റവും കൂടുതൽ ഞാൻ അടിമപ്പെട്ടിരിക്കുന്നത് സ്മാർട്ഫോണിൽ ആണ് എന്നുള്ള തിരിച്ചറിവ് ഇന്നലെ ഞാൻ ഞെട്ടലോടെ മനസിലാക്കി.
മുന്നമേ പറഞ്ഞപോലെ ലോകം വിരൽതുമ്പിൽ എത്തുന്നതിനു മുൻപേ നമുക്ക് സമാധാനമുണ്ടായിരുന്നു, സുഹൃത്തുക്കൾ ഉണ്ടായിരുന്നു, ആഘോഷങ്ങളും ഒത്തൊരുമയുമുണ്ടായിരുന്നു. എന്നാൽ ലോകം ചുരുങ്ങി നമ്മുടെ മനസും ചുരുങ്ങി നമ്മളിലേക്ക് മാത്രം ചിന്തിക്കുന്ന കാലഘട്ടത്തിൽ എത്തിരിക്കുന്നു നാം. അതിനാലാണ് കുറച്ചു ലൈക്സ് വേണ്ടി സ്വന്തം അമ്മയുടെയും സഹോദരിമാരുടെയും നഗ്‌നത വിരൽ തുമ്പിൽ നിന്നും വിരൽ തുമ്പിലേക്ക് അതിവേഗം കൈമാറ്റം ചെയ്യപ്പെടുന്നത്.
തല കുനിച്ചു തന്റെ കയ്യിലിരിക്കുന്ന സ്മാർട്ട് ഫോണിലേക്ക് മാത്രം നോക്കി അതിലൂടെ ലോകത്തെ കാണുവാൻ ശ്രമിക്കുന്ന ഒരു തലമുറ നമ്മുടെ ഇടയിൽ വളർന്നുവരുന്നു. ആരോ എഴുതിയുണ്ടാക്കിയ ചിലത് വായിച്ചു അതിൽ മറുചിന്തകൾ വെച്ച് യുദ്ധം ചെയ്യുന്ന നിഷ്‌ക്രിയരായ പുതിയ തലമുറ. തൊട്ടു മുൻപിലുള്ള നമ്മുടെ ലോകത്തെ അല്ലെങ്കിൽ സമൂഹത്തെ കാണാതെ എത്ര അറിവ് സമ്പാദിച്ചാലും അതൊന്നും മനുഷ്യനന്മയ്ക്ക് ഉപകരിക്കില്ല.
ഞാൻ ഒരിക്കലും സ്മാർട്ട് ഫോൺ വിരോദിയല്ല. ഈ കുറിപ്പ് എഴുന്നതും ഒരു സമർട് ഫോണിലാണ് എങ്കിലും കിട്ടിയ സൗകര്യങ്ങൾ അത് മനുഷ്യനന്മയ്ക്കായി ഉപയോഗിക്കുമ്പോളാണ് നമ്മുടെ മൂല്യങ്ങൾ വളരുന്നത് ജീവിതവിജയം ഉണ്ടാകുന്നതു...

Monday, March 3, 2014

സന്ധ്യമയങ്ങും നേരം


എല്ലാരും പോയി അല്ലേ മോളൂ...!!!! ..... അവളും പോയി ഇനി ഞാനും നീയും നിന്റെ കൂട്ടുകാരും ഈ വീടും മാത്രം. നീ വല്ലോം കഴിച്ചോ. ഇന്നലെ രാവിലെ അവളുടെ നിശബ്ദ  മുഖം കണ്ടത്  മുതല്‍ ഞാന്‍ ഏതോ ലോകത്തായിരുന്നു. വല്ലാത്ത ഒരു മരവിപ്പ്. അവളുടെ കൈകളിലെ തണുപ്പുപോലെ. നീ കണ്ടിരുന്നോ അവളുടെ മുഖം. എങ്ങനെ കാണാനാണ്. എന്തായിരുന്നു ജനകൂട്ടം. ഞാനും ഇന്നലെ രാവിലെ ഒന്നു കണ്ടതാ. പിന്നെ ആ ചേതനയറ്റ മുഖം നോക്കുവാന്‍ എനിക്കും സാധിച്ചില്ല. ഒരു ഒരാശ്വാസത്തിനായി നിന്റെ അടുത്തു വന്നിരിക്കാന്‍ ഞാന്‍ എത്ര കൊതിച്ചു. അമേരിക്കയിലും, ദുബായിലുമുള്ള മക്കളും, ബന്ധുക്കളും, കൂട്ടുകാരും എല്ലാവരുടെയും തിക്കിത്തിരക്കിയുള്ള ഫോട്ടോ പിടുത്തത്തിന്റെ ബഹളങ്ങള്‍ കാരണം എന്നെ അവര്‍ മുകളിലത്തെ മുറിയില്‍ കൊണ്ടുവന്നിരുത്തി. നിനക്കാറിയാലോ എനിക്കു ഗോവണി കയറാനും ഇറങ്ങാനും പറ്റില്ലന്നു. എങ്ങനെയോ രണ്ടു പേര്‍ പിടിച്ച് മുകളിലത്തെ നിലയില്‍ കൊണ്ടുപോയിരുത്തി. പിന്നെ ഇപ്പോഴാ അവരെന്നെ താഴേക്കു കൊണ്ടുവന്നത്. അത് കാരണം അവളെ അവസാനമായി ഒന്നു കാണുവാന്‍ പോലും കഴിഞ്ഞില്ല മാളു.

Saturday, January 19, 2013

ഹാപ്പി ബെര്‍ത്ത് ഡേ...!!!

ജന്‍മ്മദിനങ്ങള്‍ ഒരു പ്രായത്തില്‍ ആവേശമാണ്, പ്രിത്യേകിച്ചും കുട്ടിക്കാലത്ത്. പുതിയ വസ്ത്രങ്ങള്‍ ലഭിക്കുന്ന, ഇഷ്ട്ടമുള്ള പായസം വയറുനിറയെ കുടിക്കുവാന്‍ കിട്ടുന്ന,പ്രിയപ്പെട്ട കേകുകള്‍ മുറിക്കുവാന്‍ പറ്റുന്ന സമ്മാനങ്ങളുടെ, സന്തോഷത്തിന്റെ കാലം. എന്നാല്‍ ഒരു പ്രായം കഴിഞ്ഞാല്‍ ഇതേ ജന്‍മ്മദിനങ്ങള്‍ നഷ്ട്ടബോധത്തിന്റെ കാലമാണ്. അന്നത്തെ ഓരോ ആശംസകളും ചെറുപ്പത്തിലെ സന്തോഷത്തേക്കാളുപരി നമുക്ക് നഷ്ട്ടപ്പെട്ട് പോയ ദിനങ്ങളുടെ ഓര്‍മകള്‍ ആണ് സമ്മാനിക്കുന്നത്. ഇന്ന് ഫേസ്ബുക്ക് ഉള്ളത് കൊണ്ട് നമ്മള്‍ എല്ലാവരുടെയും ജന്മദിനങ്ങള്‍ അറിയുന്നു.അതിനാല്‍  ആശംസകള്‍ കൊണ്ട് നിറയ്ക്കുന്നു, ചിലപ്പോള്‍ ആഘോഷിക്കുന്നു അത് ഇല്ലായിരുന്നുവെങ്കില്‍
എന്നൊന്ന് ആലോചിച്ചു നോക്കൂ. നമ്മളില്‍ എത്ര പേര്‍ ഇന്ന് ജീവിച്ചിരിക്കുന്നതും എന്നാല്‍ ഫേസ്ബുക്കില്‍ അക്കൌണ്ടില്ലാത്തതുമായ നമ്മുടെ അച്ഛന്റെയോ, അമ്മയുടെയോ, മുത്തച്ഛന്റെയോ, മുത്തശ്ശിയുടെയോ, സുഹൃത്തുക്കളുടെയോ ബന്ധുജനങ്ങളുടെയോ ജന്മദിനങ്ങള്‍ ഓര്‍ത്തുവെച്ചു ആഘോഷിക്കാറുണ്ട്?. ചുരുങ്ങിയപക്ഷം "janmadhinasamsakal" അല്ലങ്കില്‍ "B,day wishes" എന്നീ വാക്കുകള്‍ എസ്‌എം‌എസ് അയക്കാറുണ്ട്?. വാസ്തവത്തില്‍ നമ്മള്‍ ഓര്‍ക്കാറില്ല എന്നതല്ലേ സത്യം.

ഈ ബ്ലോഗിലേക്ക് വരുകയും എന്‍റെ മനോവിചാരങ്ങള്‍ വായിക്കുകയും ചെയ്ത താങ്കള്‍ക്ക് എന്‍റെ ഹൃദയം നിറഞ്ഞ നന്ദി