Sunday, June 24, 2012

കോമഡി എന്നാല്‍ അടിയാണോ? ചിരിയാണോ?

വിരസമായ പ്രവാസ ജീവിതത്തില്‍ അല്പ്പം വിരസത മാറ്റുവാനുള്ള ഒരു ഉപാധിയാണ് ടി.വി ചാനലുകള്‍. എല്ലാ ഫ്ലാറ്റിന്റെയും, ക്യാമ്പിന്റെയും മുകളിലും, പുറകിലും ആകാശത്തേക്ക് വായും തുറന്നിരിക്കുന്ന കുറെ കുടകള്‍ നിരത്തി വെച്ചാണ് പാവം പ്രവാസികള്‍ ഈ മലയാളം ചാനലുകള്‍ കണ്ടു രസിച്ചോണ്ടിരുന്നത്. ഇതല്ലാം സ്വന്തമായി വാങ്ങി ഉപയോഗിക്കണമെന്നതിനാല്‍ പ്രവാസികള്‍ മിക്കവരും ഒരു കേബിള്‍ ടി‌വി ഒപെറേറ്റര്‍മാരാണ്. പ്രിത്യേകിച്ചും യുവജനവിഭാഗം. അതുകൊണ്ടാണ് നാട്ടിലെ കേബിള്‍ ടി‌വിക്കാരോടു അവര്‍ സ്പ്ലിറ്ററിന്റെയും, LNB, റിസീവറിന്റെയും കാര്യങ്ങള്‍ പറയുന്നതും,തര്‍ക്കിക്കുന്നതും.ആയതിനാല്‍ നാട്ടിലെ കേബിള്‍ ഒപെറേറ്റര്‍മാരെ ഞങ്ങളോടു ക്ഷമിയ്ക്കുക. അങ്ങനെ വര്‍ഷങ്ങള്‍  കടന്നു പോയി ചില ചാനലുകാര്‍ പ്രവാസികള്‍ ഞങ്ങളുടെ സ്വന്തം എന്നു പ്രഖ്യാപിച്ചു കൊണ്ട് പ്രവാസികളുടെ തന്നെ വയറ്റത്തടിച്ചു പേചാനലുകള്‍ ആയി മാറി. അതോടെ ആ ചാനലുകള്‍ കിട്ടതായി. ഉള്ളത് വെച്ചു ഓണം ഉണ്ണാമെന്ന് വിചാരിക്കുംബോളാണ് ആകാശത്തു തൂക്കിയിട്ട സംഭവത്തിന്റെ (സാറ്റലൈറ്റ്) ജീവന്‍ പോയന്നും ഞങ്ങള്‍ എല്ലാവരും പുതിയ വീട്ടിലേക്ക് താമസം മാറാന്‍ പോകുന്നു എന്നും പറഞ്ഞു ബാക്കിയുള്ളവര്‍ പുതിയ സംഭവത്തിലൂടെ പരിപാടി തുടങ്ങിയത്. അതോടെ പരിപാടികള്‍ കാണണമെങ്കില്‍ കൈയ്യിലുള്ള കിടിതാപ്പുകള്‍ ഒന്നും പോരാതെ പുതിയ HD റിസിവറും, കോളാമ്പിയും, കോടച്ചക്ക്രവും വാങ്ങി കയ്യിലെ പകുതി മാസത്തെ കാശ് ആ വഴിക്കു പോയികിട്ടി. ഇത്തിരി കാശുള്ളവര്‍ മറ്റ് സംഗതികള്‍ (DTH റിസീവര്‍) വാങ്ങി ലോക്കല്‍ പ്രവാസികള്‍ക്ക് കിട്ടാത്ത പരിപാടികള്‍ ഇത്തിരി അഹങ്കാരത്തോടെ കണ്ടു രസിക്കുന്നു. ഇത്രയും പറഞ്ഞത് ഒരു സാധാരണ ലോക്കല്‍ പ്രവാസികള്‍ എങ്ങനെയാണ് ടി‌വി കാണുന്നത് എന്നു നാട്ടിലെ മല്ലുസിനെ അറിയിക്കാന്‍ വേണ്ടിയാണ്. ഇനി കാര്യത്തിലേക്ക് വരാം.
കഴിഞ്ഞ ദിവസം വര്‍ഷങ്ങള്‍ക്ക് മുന്പ് പ്രവാസികള്‍ക്ക് അന്യമായ ഒരു മലയാളം ചാനലിലെ ഒരു കോമഡി പ്രോഗ്രാം കാണുവാന്‍ ഇടയായി. ആ പ്രോഗ്രാമിലെ ഒരു ഭാഗം ഇവിടെ കൊടുത്തിരിക്കുന്നു. ഒന്നു കാണുക......

Thursday, June 21, 2012

അവസ്ഥാന്തരങ്ങൾ

മനസിന്റെ ഉള്ളില്‍ എന്തെക്കെയോ എഴുതാന്‍ വെമ്പുന്നുണ്ടെങ്കില്‍ പോലും എന്തെഴുതണം എങ്ങനെയെഴുതണം എന്ന ശങ്കയാല്‍ എത്രയോ പ്രാവശ്യം ഞാന്‍ എഴുതിയ പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്തു കളഞ്ഞു. ഭാഗ്യം, ഈ എഴുത്തുകള്‍ എല്ലാം തന്നെ ടെക്സ്റ്റ് എഡിറ്ററില്‍ ആയതിനാല്‍ അത്രയും പേപ്പറും, അതില്‍കൂടെ പ്രകൃതിയെയും സംരക്ഷിക്കാന്‍ സാധിച്ചതില്‍ സന്തോഷം തോന്നുന്നു. ജാഡയെന്നോ, വരട്ടുതത്ത്വമാണെന്നോ തോന്നേണ്ട, ഇന്ന് ഈ ഭൂലോകത്തുള്ള എല്ലാ മലയാളം ബ്ലോഗര്‍മ്മരും കൂടി ഇതുപോലെ ഓരോ ഷീറ്റ് പേപ്പര്‍ വെറുതെ നശിപ്പിച്ചു കളഞ്ഞാല്‍ എത്ര മരങ്ങള്‍ നശിപ്പികപ്പെട്ടിടുണ്ടാകും എന്നാ ചിന്തയില്‍ നിന്നുമാണ് മുന്പെ പറഞ്ഞ പ്രകൃതി സംരക്ഷണം എന്ന തോന്നലുണ്ടായത്. അപ്പോ ഞാന്‍ പറഞ്ഞു വന്നത് എഴുതുവാനുള്ള ബുദ്ധിമുട്ടിനെ കുറിച്ചാണ്. എന്തിനെ എങ്ങനെ എന്നതാണ് പ്രശ്നം. ആശയ ദാരിദ്യമെന്നോ, ഭാവന ശൂന്യത എന്നൊക്കെ വിളിക്കാം. എങ്ങനെ വിളിച്ചാലും ഇതില്‍ നിന്നും ഒരു മോചനം ഞാന്‍ ആഗ്രഹിക്കുന്നു. ഒരു പുതു കാല്‍വെയ്പ്പിനെ  കുറിച്ച്  ഞാന്‍ നിങ്ങളോട് പങ്കുവെച്ചല്ലോ. അതിനു ശേഷം ഫേസ്ബുക്കില്‍ ഒരു പേജും, പിന്നെ ട്വിറ്ററില്‍ ഒരു പ്രൊഫൈലും  അതിലേക്കൊക്കെ ലിങ്കുകളും ഉണ്ടാക്കി ദിവസങ്ങളായെങ്കിലും ഒരു പോസ്റ്റു പോലും എഴുതാന്‍ എനിക്കു സാധിക്കുന്നില്ല എന്നത് എന്നെ കൂടുതല്‍ വിഷമിപ്പിക്കുന്നു. എന്തിനെയും, ഏതിനെയും കുറിച്ചു  അറിവ് നല്‍കുന്ന ഗൂഗിളമ്മച്ചിയോട് ചോദിച്ചപ്പോള്‍ അമ്മച്ചി ഇങ്ങനെ പറഞ്ഞു....

Sunday, June 10, 2012

ഒരു പുതു കാല്‍വയ്പ്പ്

സുഹൃത്തുക്കളേ,

എന്റെ ജീവിതത്തിലെ ഒരു സന്തോഷം ഞാന്‍ നിങ്ങളെ അറിയിക്കുകയാണ്. manovicharangal.blogspot.com എന്ന എന്റെ ബ്ലോഗ്  http://www.manovicharangal.com/ എന്ന പേരില്‍  ഞാന്‍ സ്വന്തമാക്കി  ഞാനും ഒരു കൊച്ചു മുതലാളിയായ സന്തോഷം നിങ്ങളുമായി പങ്കുവെക്കട്ടെ. ഒരു സ്കൂട്ടര്‍ വാങ്ങിയ വിവരം നാടു നീളെ മൈക്ക് കെട്ടി അനൌണ്‍സ്സ് ചെയ്യുന്നപോലെയുള്ള അല്‍പ്പത്തരമാണ് ഒരു ഡൊമൈന്‍ റജിസ്റ്റര്‍ ചെയ്ത വിവരം ഒരു പോസ്റ്റിലൂടെ അറിയിക്കുന്നത്. എങ്കിലും അടക്കാന്‍  പറ്റാത്ത ഈ സന്തോഷം എനിക്കു ഇന്നേവരെ പ്രോത്സാഹനം തന്ന നിങ്ങളോടൊത്ത് പങ്കുവെക്കുവാനാണ് ഈ പോസ്റ്റ്. ഒരു ഡൊമൈന്‍ റജിസ്റ്റര്‍ ചെയ്യുക എന്നത് ഇന്നത്തെ കാലത്ത് ചായകടയില്‍ നിന്നും പിറ്റ്സ മേടിക്കുന്നതിന് തുല്ല്യമാണ്. ഒരു ബ്ലോഗും, അഞ്ഞൂറിന്റെ ഒരു ഗാന്ധിയുണ്ടെങ്കില്‍ ആര്‍ക്കും ഈ സന്തോഷം അനുഭവിക്കാം (ടച്ചിങ്സ്, ഗ്ലാസ്സ്, വെള്ളം എന്നിവ ഓര്‍ത്തവര്‍ ക്ഷമിയ്ക്കുക).

Monday, June 4, 2012

റോസാപൂക്കള്‍ വിരിയുമ്പോള്‍

പാല്‍ പായസത്തില്‍ ഏലയ്ക്ക പോലെയാണ് പ്രണയത്തില്‍ റോസാപൂവ്. പ്രണയത്തിനു ഒരു പൂവിന്റെ പിന്തുണ ആവശ്യമില്ലങ്കിലും പ്രണയിനിക്ക് അത് കൊടുക്കുമ്പോഴും, കിട്ടുമ്പോഴുമുള്ള ആ സുഖം, അതാണ് റോസാപ്പൂവിനെ സര്‍വ്വലോകപ്രിയയാക്കുന്നത്. ഒരു റോസപൂവെങ്കിലും അനോന്യം കൈമാറാത്ത ഒരു കമിതാകളും ഈ ലോകത്തിലും, ഇ-ലോകത്തിലും  കാണില്ലല്ലോ. തന്റെ പ്രണയിനിയോട് നേരിട്ടു തന്റെ  ഇഷ്ടം പറയുവാന്‍ പോലും ആമ്പ്യര്‍  ഇല്ലാതെ കാമുകന്‍മ്മാര്‍ പോലും ഈ റോസാപ്പൂവിനെ ആരാധനയോടെ നോക്കുകയും, ചിരിക്കുകയും, വാത്സല്യത്തോടെ തലോടി അതിന്റെ സുഗന്ധം നുകരുകയും ചെയ്യാറുണ്ടെല്ലോ.
വിദ്യാഭ്യാസകാലഘട്ടത്തിലെ പ്രീഡിഗ്രീ കാലം ഒരു വസന്ത കാലം തന്നെയായിരുന്നു. കൂട്ടില്‍ നിന്നും സ്വാതന്ത്ര്യം കിട്ടിയ പക്ഷികള്‍ ചിറകടിച്ചുയരുന്ന, നിറമില്ലാത്ത ജീവിതത്തില്‍ നിറങ്ങള്‍ നിറയുന്ന, വര്‍ണ്ണശബളമായ, ശബ്ദകോലാഹലമായ കാലം. ഒരുപക്ഷേ ജീവിതത്തിലെ ഒട്ടുമിക്ക സംഭവങ്ങളുടെയും തുടക്കം ഈ കാലഘട്ടത്തില്‍ നിന്നുമായിരുന്നു. അതിലെ ഒരു പ്രധാന സംഭവം പ്രണയം തന്നെയാണ് എന്നതില്‍ ഒരു തര്‍ക്കവുമില്ല. "സ്വാഗതം, സുസ്വാഗതം, നവാഗതര്‍ക്ക് സ്വാഗതം" എന്ന സ്വാഗത മുദ്രാവാക്യങ്ങളുടെ അകമ്പടിയില്‍ മഞ്ഞ പട്ടുടുത്തതും, പച്ച പട്ടുടുത്തതും, മെലിഞ്ഞതും, വണ്ണമുള്ളതും, ഗോതമ്പിന്റെ നിറമുള്ളതും, മാന്തളിര്‍ പോലെയുള്ളതും, മുല്ലപ്പൂച്ചൂടിയതും, നെറ്റിയില്‍ ചന്ദന കുറി തൊട്ടതും, കഴുത്തേല്‍ കുരിശുള്ളതും, തട്ടമിട്ടതും, കൈയ്യില്‍ കുപ്പിവളയുള്ളതും, തോളില്‍ സഞ്ചിയും, മാറുമറച്ചു പിടിച്ച പുസ്തകവുമായി കടന്നു വരുന്ന മാടപ്പിറാവുകളെ നോക്കി നില്‍ക്കുന്നതിനിടയിലായിരിക്കും തന്റെ പ്രണയിനിയാകാന്‍ പോകുന്നവളോ, ആയവളോ മുന്പെ പറഞ്ഞ സംഭവങ്ങളില്‍ കയറി അല്പ്പം ഭയം കലര്‍ന്ന ആകാംഷയോടെ ഗയ്റ്റില്‍ കൂടി കടന്നു വരുന്നത്.
ഈ ബ്ലോഗിലേക്ക് വരുകയും എന്‍റെ മനോവിചാരങ്ങള്‍ വായിക്കുകയും ചെയ്ത താങ്കള്‍ക്ക് എന്‍റെ ഹൃദയം നിറഞ്ഞ നന്ദി