എല്ലാരും പോയി അല്ലേ മോളൂ...!!!! ..... അവളും പോയി ഇനി ഞാനും നീയും നിന്റെ കൂട്ടുകാരും ഈ വീടും മാത്രം. നീ വല്ലോം കഴിച്ചോ. ഇന്നലെ രാവിലെ അവളുടെ നിശബ്ദ മുഖം കണ്ടത് മുതല്‍ ഞാന്‍ ഏതോ ലോകത്തായിരുന്നു. വല്ലാത്ത ഒരു മരവിപ്പ്. അവളുടെ കൈകളിലെ തണുപ്പുപോലെ. നീ കണ്ടിരുന്നോ അവളുടെ മുഖം. എങ്ങനെ കാണാനാണ്. എന്തായിരുന്നു ജനകൂട്ടം. ഞാനും ഇന്നലെ രാവിലെ ഒന്നു കണ്ടതാ. പിന്നെ ആ ചേതനയറ്റ മുഖം നോക്കുവാന്‍ എനിക്കും സാധിച്ചില്ല. ഒരു ഒരാശ്വാസത്തിനായി നിന്റെ അടുത്തു വന്നിരിക്കാന്‍ ഞാന്‍ എത്ര കൊതിച്ചു. അമേരിക്കയിലും, ദുബായിലുമുള്ള മക്കളും, ബന്ധുക്കളും, കൂട്ടുകാരും എല്ലാവരുടെയും തിക്കിത്തിരക്കിയുള്ള ഫോട്ടോ പിടുത്തത്തിന്റെ ബഹളങ്ങള്‍ കാരണം എന്നെ അവര്‍ മുകളിലത്തെ മുറിയില്‍ കൊണ്ടുവന്നിരുത്തി. നിനക്കാറിയാലോ എനിക്കു ഗോവണി കയറാനും ഇറങ്ങാനും പറ്റില്ലന്നു. എങ്ങനെയോ രണ്ടു പേര് പിടിച്ച് മുകളിലത്തെ നിലയില്‍ കൊണ്ടുപോയിരുത്തി. പിന്നെ ഇപ്പോഴാ അവരെന്നെ താഴേക്കു കൊണ്ടുവന്നത്. അത് കാരണം അവളെ അവസാനമായി ഒന്നു കാണുവാന്‍ പോലും കഴിഞ്ഞില്ല മാളു.