Wednesday, June 17, 2020

ആശ്വാസ മേഖല

ഇന്നൊരു വാട്സ്ആപ്പ് സ്റ്റാറ്റസ് കണ്ടത് dreams wont work unless you do.. എന്നാണ്...  ശരിക്കും എന്റെ പ്രശ്നവും അതൊക്കെ തന്നെയാണ്... ഒരുപാട് സ്വപ്നങ്ങൾ ഉണ്ട് അതിൽ പലതിനും വ്യക്തമായ ധാരണകളും ഉണ്ട്... പക്ഷെ  സ്വപ്നങ്ങളുടെ പുറകേ പോകാൻ നിലവിലെ ആശ്വാസ മേഖല (comfort zone) എന്നെ പിന്നിലേക്ക് വലിക്കുന്നു എന്നതാണ് യാഥാർഥ്യം. അതിനായി നിലവിൽ ഉള്ള സാഹചര്യങ്ങളെ കുറിച്ച് ചിന്തിച്ച് അതിൽ നിന്നും മാറിയാൽ എന്തോ അപകടം പറ്റും എന്ന് ഞാൻ തന്നെ മാറാതിരിക്കാനുള്ള കാരണങ്ങൾ കണ്ടെത്തും... 

എല്ലാവരുടേയും സ്ഥിതി ഇതൊക്കെ തന്നെയാവും... ജീവിതത്തിൽ എന്തെങ്കിലും നേടാൻ നമ്മൾ ശ്രമിക്കാതെ നടക്കില്ല... എത്ര മോട്ടിവേഷൻ ക്‌ളാസുകൾ കണ്ടാലും നമ്മൾ ശ്രമിക്കാതെ നമുക്ക് ഒന്നും ലഭിക്കില്ല എന്നതാണ് യാഥാർഥ്യം ... എന്നാൽ ഈ സത്യം ഒരു മോട്ടിവേഷണൽ ക്ലാസുകാരനും പറഞ്ഞു തരില്ല കാരണം അവന്റെ ബിസിനസ്സ് വളർച്ച നമ്മുടെ തളർച്ചയിൽ ആണ് ... യുട്യൂബിൽ യാഥാര്ച്ഛികമായി കണ്ട ഒരു വിഡിയോയിൽ പ്രാസംഗീകൻ സംസാരിച്ചു തുടങ്ങി അഞ്ചാം മിനിറ്റിൽ ഇങ്ങനെ പറഞ്ഞു if you want to achieve any thing in your life stop watching this fucking video and do the things to achieve your goals...

ഇങ്ങനെ എത്ര പ്രാസംഗീകർ പറഞ്ഞിട്ടുണ്ടാകും എന്ന് എനിക്കറിയില്ല ... നമ്മൾക്ക് എന്തെങ്കിലും നേടണമെങ്കിൽ നമ്മൾ തന്നെ അത് ചെയ്യണം ... ഞാൻ ഇത് എഴുതുന്നത് എനിക്ക് വേണ്ടി തന്നെയാണ് നിങ്ങള്ക്ക് വേണ്ടിയല്ല ... കെട്ടുപാടുകളിൽ കെട്ടിപ്പിച്ചുള്ള സുഖ നിദ്രയിൽ ദുഃസ്വപ്നം പോലെ വരുന്ന ഭാവി ചിന്തകളെ ഒളിക്കാൻ ഞാൻ തന്നെ കണ്ടെത്തുന്ന വഴികളിൽ നിന്നും അൽപ്പമെങ്കിലും മാറി നടക്കുവാൻ വേണ്ടി മാത്രം...

Friday, December 28, 2018

പുതുവത്സര വിചാരങ്ങൾ

വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ കഴിഞ്ഞാൽ പുതിയൊരു വർഷം ആരംഭിക്കുകയാണ്.. 

ആധുനികതയുടെ കുതിച്ചു ചാട്ടത്തിൽ ഇന്ന് ലോകം ഒരു വിരൽ തുമ്പിലേക്ക് ചെറുതായി, മറ്റൊരു രീതിയിൽ പറഞ്ഞാൽ നമ്മൾ എന്നതിൽ നിന്നും ഞാൻ എന്നതിലേക്ക് എല്ലാ വികാരങ്ങളെയും നമ്മൾ സൗകര്യപൂർവ്വം ഒതുക്കി..

ഇന്നത്തെ നമ്മുടെ പ്രഭാതം ആരംഭിക്കുന്നത് തന്നെ വാട്സാപ്പിൽ വരുന്ന വൈകാരികമായി നമുക്ക് ഒന്നും ലഭിക്കാത്ത കുറെ ശുഭദിനം, ഗുഡ് മോർണിംഗ് ഫോർവെർഡ് മെസേജുകൾ കൊണ്ടാണ്. അത് വെറുതെ തുറന്ന് നിർവികാരത്തോടെ നോക്കി അത് മറ്റൊരുവന്റെ പേരിലേക്ക് അയച്ചുകൊണ്ടു നമ്മുടെ ദിനചര്യകൾ ആരംഭിക്കുന്നു.. ഇതു തന്നെ കിടക്കാൻ നേരവും മരുന്നെന്നു കണക്കെ നിത്യവും ചെയ്യുന്നു..

ഇതു തന്നെയാണ് മറ്റ് സോഷ്യൽ മീഡിയ സാങ്കേതങ്ങളിലും സംഭവിക്കുന്നത്.. കുറച്ചു ലൈക്കുകൾ, കമെന്റുകൾ എന്നിവയ്ക്ക് വേണ്ടി എന്തും, ഏതും ഏതറ്റവും വരെ ചെയ്യാൻ നമുക്ക് മടിയില്ലാതായി.. 

പരസ്പരം കണ്ടും, സ്പര്ശിച്ചും നമ്മൾ കാത്തു സൂക്ഷിച്ച പവിത്രമായ ബന്ധങ്ങൾ മുഴുവനും ഇപ്പോൾ സൈബർ ലോകത്തിലേക്ക് മാറി.. അടുത്തുള്ളവരെ അറിയില്ലായെങ്കിലും ഏഴാം കടലിനക്കരെയുള്ള വരെ നമുക്ക് അറിയാം..

എന്റെ നിരീക്ഷണത്തിൽ ഇതിന്റെ ഒക്കെ പരിണിത ഫലം എന്നത് നിരാശ അല്ലെങ്കിൽ ഡിപ്രഷൻ എന്ന അവസ്ഥയിൽ ആയിരിക്കും എന്നാണ് കാരണം സൈബർ ലോകത്തിലെ ആൾ കൂട്ടം വെറും മായയാണ്. 

നമ്മുക്ക് തിരിച്ചു ഒരു അഞ്ചു കൊല്ലം പുറകോട്ട് നടക്കാം.. എല്ലാ നല്ല ബന്ധങ്ങളെയും നേരിട്ട് കണ്ടു, സ്പർശിച്ചു അറ്റ് പോയ കണ്ണികളെ വീണ്ടും വിളക്കി ചേർക്കാം... അങ്ങനെ ഊഷ്മളതയുള്ള സമൂഹത്തെ നമുക്ക് വാർത്തെടുക്കാൻ നമുക്ക് സാധിക്കട്ടെ എന്ന പ്രത്യാശയോടെ എല്ലാവർക്കും എന്റെ പുതുവത്സരാശംസകൾ!!!

 
Wednesday, June 21, 2017

കൊഴിഞ്ഞുവീണ ശിശിരത്തിലൂടെ...

ഹായ് എന്ന രണ്ടക്ഷരം മുഖപുസ്തകത്തിന്റെ ജാലകം തുറന്നു മുന്നിലേക്ക് വന്നപ്പോൾ ഉണങ്ങിവരണ്ട ഭൂമിയിലേക്ക് വീണ തണുത്ത മഴത്തുള്ളി പോലെയാണ് എനിക്ക് അനുഭവപ്പെട്ടത്. ഉള്ളിന്റെ ഉള്ളിൽ വല്ലാത്ത ഒരു സന്തോഷം തിരതള്ളി പുറത്തേക്ക് വന്നുവെങ്കിലും അത് കെട്ടുപാടുകളുടെ കൂറ്റൻ മതിലുകളിൽ തട്ടി വിറച്ചു, വിറങ്ങലിച്ചു നിന്നു.

ജീവിതം എപ്പോഴും അങ്ങനെയാണ് ഒരു ആകസ്മികത ഉണ്ടാകും പക്ഷെ അത് ജീവിതത്തിൽ ഉണ്ടാക്കുന്ന ആശകൾ പലപ്പോഴും  ആശങ്കകളായിട്ടാണ് പരിണമിക്കാറ്. അതേ ആശങ്കയിലൂടെയാണ് ഇപ്പോൾ ഞാനും. ആ രണ്ടക്ഷരത്തിന് ഇപ്പോൾ പല ജീവനുകളുടെ, ജീവിതങ്ങളുടെ വിലയാണ്. അതിനെ എങ്ങനെ ഉൾക്കൊള്ളുന്നു എന്നതിനെ ആശ്രയിച്ചിരിക്കും അതിന്റെ വിലയുടെ ഏറ്റക്കുറച്ചിൽ.

എങ്കിലും ഞാൻ ചിന്തകളിൽ മയങ്ങട്ടെ. ഇപ്പോഴത്തെ വസന്തത്തേക്കാൾ കൊഴിഞ്ഞു വീണ ശിശിരത്തിലൂടെ അൽപ്പനേരം....

Saturday, March 26, 2016

സൈബർ അടിമകൾ...!!!

ജീവിതത്തിന്റെ സമസ്ഥ മേഖലകളിലും ഇന്ന് സമർട്ഫോൺ കൈകടത്തിയിരിക്കുന്നു. ലോകത്തിന്റെ സ്പന്ദനം ഇന്ന് നമ്മുടെ വിരൽ തുമ്പിലാണെങ്കിലും മുട്ടിയുരുമിയിരിക്കുന്നവന്റെ വേദനകളോ, ബുദ്ധിമുട്ടുകളോ അവൻ ഫ്‌ബിയിൽ ഇടുന്നതുവരെ നമ്മൾ അറിയാറില്ല ഇപ്പോൾ.
ഇന്നലെ വലിയ വെള്ളിയാഴ്ച്ച ആയിരുന്നല്ലോ. ഓർത്തഡോൿസ് സഭാതലവന്റെ കല്പനപ്രകാരം ഇന്നലെ സൈബർ ഫാസ്റ്റ് സഭാ വിശ്വസിയെന്ന നിലയിൽ ആചരിക്കാൻ ശ്രമിച്ചു. സത്യം ജീവിതത്തിൽ ഏറ്റവും കൂടുതൽ ഞാൻ അടിമപ്പെട്ടിരിക്കുന്നത് സ്മാർട്ഫോണിൽ ആണ് എന്നുള്ള തിരിച്ചറിവ് ഇന്നലെ ഞാൻ ഞെട്ടലോടെ മനസിലാക്കി.
മുന്നമേ പറഞ്ഞപോലെ ലോകം വിരൽതുമ്പിൽ എത്തുന്നതിനു മുൻപേ നമുക്ക് സമാധാനമുണ്ടായിരുന്നു, സുഹൃത്തുക്കൾ ഉണ്ടായിരുന്നു, ആഘോഷങ്ങളും ഒത്തൊരുമയുമുണ്ടായിരുന്നു. എന്നാൽ ലോകം ചുരുങ്ങി നമ്മുടെ മനസും ചുരുങ്ങി നമ്മളിലേക്ക് മാത്രം ചിന്തിക്കുന്ന കാലഘട്ടത്തിൽ എത്തിരിക്കുന്നു നാം. അതിനാലാണ് കുറച്ചു ലൈക്സ് വേണ്ടി സ്വന്തം അമ്മയുടെയും സഹോദരിമാരുടെയും നഗ്‌നത വിരൽ തുമ്പിൽ നിന്നും വിരൽ തുമ്പിലേക്ക് അതിവേഗം കൈമാറ്റം ചെയ്യപ്പെടുന്നത്.
തല കുനിച്ചു തന്റെ കയ്യിലിരിക്കുന്ന സ്മാർട്ട് ഫോണിലേക്ക് മാത്രം നോക്കി അതിലൂടെ ലോകത്തെ കാണുവാൻ ശ്രമിക്കുന്ന ഒരു തലമുറ നമ്മുടെ ഇടയിൽ വളർന്നുവരുന്നു. ആരോ എഴുതിയുണ്ടാക്കിയ ചിലത് വായിച്ചു അതിൽ മറുചിന്തകൾ വെച്ച് യുദ്ധം ചെയ്യുന്ന നിഷ്‌ക്രിയരായ പുതിയ തലമുറ. തൊട്ടു മുൻപിലുള്ള നമ്മുടെ ലോകത്തെ അല്ലെങ്കിൽ സമൂഹത്തെ കാണാതെ എത്ര അറിവ് സമ്പാദിച്ചാലും അതൊന്നും മനുഷ്യനന്മയ്ക്ക് ഉപകരിക്കില്ല.
ഞാൻ ഒരിക്കലും സ്മാർട്ട് ഫോൺ വിരോദിയല്ല. ഈ കുറിപ്പ് എഴുന്നതും ഒരു സമർട് ഫോണിലാണ് എങ്കിലും കിട്ടിയ സൗകര്യങ്ങൾ അത് മനുഷ്യനന്മയ്ക്കായി ഉപയോഗിക്കുമ്പോളാണ് നമ്മുടെ മൂല്യങ്ങൾ വളരുന്നത് ജീവിതവിജയം ഉണ്ടാകുന്നതു...

Monday, March 3, 2014

സന്ധ്യമയങ്ങും നേരം


എല്ലാരും പോയി അല്ലേ മോളൂ...!!!! ..... അവളും പോയി ഇനി ഞാനും നീയും നിന്റെ കൂട്ടുകാരും ഈ വീടും മാത്രം. നീ വല്ലോം കഴിച്ചോ. ഇന്നലെ രാവിലെ അവളുടെ നിശബ്ദ  മുഖം കണ്ടത്  മുതല്‍ ഞാന്‍ ഏതോ ലോകത്തായിരുന്നു. വല്ലാത്ത ഒരു മരവിപ്പ്. അവളുടെ കൈകളിലെ തണുപ്പുപോലെ. നീ കണ്ടിരുന്നോ അവളുടെ മുഖം. എങ്ങനെ കാണാനാണ്. എന്തായിരുന്നു ജനകൂട്ടം. ഞാനും ഇന്നലെ രാവിലെ ഒന്നു കണ്ടതാ. പിന്നെ ആ ചേതനയറ്റ മുഖം നോക്കുവാന്‍ എനിക്കും സാധിച്ചില്ല. ഒരു ഒരാശ്വാസത്തിനായി നിന്റെ അടുത്തു വന്നിരിക്കാന്‍ ഞാന്‍ എത്ര കൊതിച്ചു. അമേരിക്കയിലും, ദുബായിലുമുള്ള മക്കളും, ബന്ധുക്കളും, കൂട്ടുകാരും എല്ലാവരുടെയും തിക്കിത്തിരക്കിയുള്ള ഫോട്ടോ പിടുത്തത്തിന്റെ ബഹളങ്ങള്‍ കാരണം എന്നെ അവര്‍ മുകളിലത്തെ മുറിയില്‍ കൊണ്ടുവന്നിരുത്തി. നിനക്കാറിയാലോ എനിക്കു ഗോവണി കയറാനും ഇറങ്ങാനും പറ്റില്ലന്നു. എങ്ങനെയോ രണ്ടു പേര്‍ പിടിച്ച് മുകളിലത്തെ നിലയില്‍ കൊണ്ടുപോയിരുത്തി. പിന്നെ ഇപ്പോഴാ അവരെന്നെ താഴേക്കു കൊണ്ടുവന്നത്. അത് കാരണം അവളെ അവസാനമായി ഒന്നു കാണുവാന്‍ പോലും കഴിഞ്ഞില്ല മാളു.

ഈ ബ്ലോഗിലേക്ക് വരുകയും എന്‍റെ മനോവിചാരങ്ങള്‍ വായിക്കുകയും ചെയ്ത താങ്കള്‍ക്ക് എന്‍റെ ഹൃദയം നിറഞ്ഞ നന്ദി