Friday, June 25, 2010

പറയാതെ വയ്യ!!!!

ലോകത്തിലെ ഏറ്റവും വലിയ കണ്ടുപിടുത്തമായിരുന്നു വിദ്യുത്ഛക്തി. അതിനുശേഷം വിദ്യുത്കാന്തിക പ്രഭാവങ്ങളെ കുറിച്ച് നടന്ന കൂടുതല്‍ പരീക്ഷണങ്ങളില്‍ നിന്നുമാണ് ഒരു കമ്പിയുടെ സഹായമില്ലാതെ വൈദ്യുത തരംഗങ്ങളെ ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് മാറ്റാം എന്നു കണ്ടുപിടിച്ചത്. ഒരു പക്ഷെ ഇതോടുകൂടി ടെലിഫോണും, പിന്നെ ടെലിവിഷനും വരെ കണ്ടുപിടിച്ചു. അങ്ങനെ പുതിയ ടിവി നിലയങ്ങളും, പുതിയ പരിപാടികളും ഉണ്ടായി.

നമ്മുടെ രാജ്യത്തു ടിവി നിലയങ്ങള്‍ മുന്പ് സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ആയിരുന്നു. അല്ലെങ്കില്‍ പിറ്റേ ദിവസത്തെ പത്രം വരണം. എത്ര വലിയ കോലാഹലങ്ങള്‍ രാജ്യത്തുണ്ടായാലും അത് മറ്റുള്ളവര്‍ അറിയണമെങ്കില്‍ സര്‍ക്കാര്‍ വിചാരിക്കണം. കാരണം ടിവിയില്‍ ഏത് വാര്‍ത്ത കൊടുക്കണം, എങ്ങനെ കൊടുക്കണം എന്നൊക്കെ സര്‍ക്കരോ അല്ലെങ്കില്‍ സര്‍ക്കാര്‍ നിയമിച്ച ഡയറക്ടര്‍ ആണ് തീരുമാനിക്കുന്നത്. പിന്നെ കുറേകാലം കഴിഞ്ഞപ്പോള്‍ സ്വകാര്യ കമ്പനികളുടെ ചാനലുകള്‍ വന്നപ്പോളും വിനോദപരിപാടികള്‍ക്കല്ലാതെ; വാര്‍ത്തകള്‍ കൊടുക്കാന്‍ അനുവാദം ഇല്ലായിരുന്നു.

സ്വകാര്യ കമ്പനികളുടെ ഉടമസ്ഥതയില്‍ ചാനലുകള്‍ തുടങ്ങാം എന്ന സ്ഥിതി വന്നപ്പോള്‍ ഓരോ ദിവസവും പുതിയ പുതിയ ചാനലുകള്‍ വന്നു. പല ഭാഷയില്‍, പല കോലത്തില്‍. എന്തിനെറെ പറയുന്നു വിരലിനെണ്ണാന്‍ മാത്രം അണികളുള്ള രാഷ്ട്രീയ പാര്‍ട്ടികളും, ജാതി-മതങ്ങള്‍ വരെ അവരവരുടെ ചാനലുകള്‍ തുടങ്ങി സംപ്രേഷണം ചെയ്തു. ഏറ്റവും കൂടുതല്‍ മത്സരം ഉണ്ടായത് വാര്‍ത്താചാനലുകള്‍ക്കാണ്. ഏതു വാര്‍ത്തയും മറ്റുള്ള ചാനലുകാര്‍ കൊടുക്കുന്നതിനെക്കള്‍ മുന്നില്‍ തങ്ങള്‍ക്ക് കൊടുക്കണം എന്ന് ഒരു മത്സരബുദ്ധി തന്നെ അതിനു കാരണം (ഈ മത്സരത്തിന്റെ ഫലമായിട്ടാണ് നമ്മുടെ പ്രിയ സിനിമ നടന്‍ ഹനിഫിക്ക മരിക്കുന്നതിന് മുന്‍പേ മരിച്ചന്നു വാര്‍ത്തവന്നത്‍).പിന്നെ അതില്‍ കുറച്ചു കച്ചവടവും ഉണ്ട്.  ഏറ്റവും പുതിയ വാര്‍ത്തയ്ക്ക്‌ ഒരു പ്രിത്യേക ചാനല്‍ കാണണം എന്ന് പ്രേഷകര്‍ക്ക്  തോന്നിയാല്‍ പിന്നെ നമ്മള്‍ ആ ചാനല്‍ കണ്ടുകൊണ്ടേയിരിക്കുന്നു. അങ്ങനെ കാഴ്ചകരുടെ എണ്ണം കൂടുമ്പോള്‍ കൂടുതല്‍ പരസ്യം കിട്ടുകയും അങ്ങനെ ലാഭത്തില്‍ നിന്നും ലാഭം ചാനല്‍ കൊയ്യുകയും ചെയ്യുന്നു. അതിനായി തത്സമയ സംപ്രേക്ഷണവും, ചര്‍ച്ചകളും  നടത്തുന്നു. മന്ത്രിയുടെ കിടപ്പറയിലേക്ക് ഒരു തടസ്സവും കൂടാതെ കേറിചെല്ലാന്‍ അനുവാദം ഉണ്ടായിരുന്നേല്‍ അതും ലൈവ് ടെലിക്കാസ്റ്റ് നടത്തിയേനെ ഇവര്‍ .(പല കിടപ്പറ രഹസ്യങ്ങളും പുറത്തു കൊണ്ടുവന്നതും ഇതേ ചാനലുകാര്‍ തന്നെയാണ്.)

പിന്നെ ചര്‍ച്ചകള്‍ . പലപ്പോഴും നല്ല തീരുമാനങ്ങള്‍ ഉണ്ടാക്കാന്‍ ആരോഗ്യപരമായ ചര്‍ച്ചകള്‍ കൊണ്ട് സാധിക്കാറുണ്ട്. എന്നാല്‍ നമ്മുടെ ചാനലിലെ ചര്‍ച്ചകള്‍ കൊണ്ട് എന്താണ് പ്രയോജനം. പ്രശ്നം പലപ്പോഴും ഗൌരവമേറിയ വിഷയങ്ങള്‍ അല്ല ചര്‍ച്ചയ് വരുന്നത് എന്നതാ. വളരെ നിസാരമായ വിഷയങ്ങളില്‍ അതിഭയങ്കരമായി ചര്‍ച്ച നടത്തുന്നു. അത് നടത്തുന്ന അവതാര(ക)നും, പങ്കെടുക്കുന്നവര്‍ക്കും അറിയാം എങ്കിലും വെറുതെ എന്തെങ്കിലും ഒക്കെ പറഞ്ഞു ഒരു മണിക്കുര്‍ നീക്കണം അത്രയുമേ അവര്‍ക്ക് വേണ്ടു അല്ലാതെ ഇതൊക്കെ കണ്ടു ഞരമ്പ്‌ വലിഞ്ഞു അതിനുമുന്പില്‍ കുത്തിരിക്കുന്ന ജനങ്ങള്‍ക്ക്‌ എന്തെങ്കിലും വിവരം കിട്ടണം എന്ന് ആര്‍ക്കും ഒരു താത്പര്യവും ഇല്ല.

ലൈവ് ആയിട്ടുള്ള വാര്‍ത്തകളും, ചര്‍ച്ചകള്‍ക്കും ശേഷം വാര്‍ത്താധിഷ്ഠിത പരിപാടികള്‍ ഉണ്ട്. ഇംഗ്ലീഷ് സിനിമയെ വെല്ലുന്ന ഭീകര ദൃശ്യങ്ങളാണ് പല പരിപാടിയിലുടനീളം. ജീര്‍ണിച്ച ജഡത്തിന്റെയും, അപമൃത്യുവിന്റെയും മറ്റും ഭീകര ദൃശ്യങ്ങള്‍ ഒരു മറയും കൂടാതെ കാണിക്കുന്നു. കാണിച്ചോളൂ പക്ഷെ അതിനു ഒരു മറവു വേണ്ടേ. ഒരുപക്ഷെ നിങ്ങള്‍ ചോദിച്ചേക്കാം ഈ പരിപാടികള്‍ എന്തിനാ കാണുന്നത് എന്ന്‍. അത് ശരിയ പക്ഷെ കണ്ടുക്കൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ക്കിടയിലോ അല്ലെങ്കില്‍ മറ്റു വിനോദ പരിപടിക്കിടയിലോ ഈ ഭീകര പരിപാടികളുടെ പരസ്യങ്ങള്‍ വന്നാല്‍ എന്ത് ചെയ്യും. വിധിയുടെ വിളയാട്ടത്തില്‍ ജീവന്‍ നഷ്ട്ടപെട്ട ഒരു വ്യക്തിയോടും, അതു കണ്ടുകൊണ്ടിരിക്കുന്ന പാവം കാണികളോടും എന്തിനി ക്രുരത. ഇതൊക്കെ തയാറാക്കുന്ന റിപ്പോര്‍ട്ടര്‍ക്കും, നിര്‍മ്മാതാവിനും, എഡിറ്റര്‍ക്കും വീട്ടില്‍ ആരുമില്ലേ. ഒരു നിമിഷം അവര്‍ക്ക് ഒന്ന് ആലോചിച്ചാല്‍ മതി ഈ ഭീകര ദൃശ്യങ്ങള്‍ കാണുന്ന കുട്ടികളുടെ ഒരു അവസ്ഥ.

അടിസ്ഥാനപരമായി  എല്ലാം ഒരു കച്ചവടം മാത്രമാണ് എങ്കിലും കുറച്ചു മര്യാദ പാലിക്കരുതോ?

Saturday, June 12, 2010

മിസ്ഡ്‌കോള്‍

തങ്ങളെ അംഗീകരിക്കാത്ത ഈ ലോകത്തുനിന്നും എങ്ങനെയും രക്ഷപെടണം എന്നുമാത്രമായിരുന്നു അവരുടെ ചിന്ത. തങ്ങളുടെ പരിശുദ്ധ പ്രണയത്തെ ഈ ലോകം എത്ര അവക്ഞ്ഞയോടെയാണ് നോക്കികണ്ടത്. ഒരുപക്ഷെ നിങ്ങള്‍ ഞങ്ങളുടെ പ്രേമത്തെ ഒരു കൌമാരചാപല്യമായി കണ്ടേക്കാം എന്നാല്‍ ഞങ്ങളുടെ വികാരം അങ്ങനെയല്ല. ഇത് നിങ്ങളോടുള്ള ഞങ്ങളുടെ പ്രതികാരമാണ് അത്രയുമെഴുതി അവന്‍ ഒപ്പിട്ടു. അവളും അതിനെ പിന്താങ്ങി. കരുതിയിരുന്ന സൈനൈട് അവള്‍ പാലില്‍ ചേര്‍ക്കുമ്പോള്‍ അവളിലെ പ്രതികാര ദുര്‍ഗ ചിരിച്ചു.അന്ത്യ ചുംബനത്തിന് ശേഷം അവന്‍ കുടിച്ച പാല്‍ അവള്‍ക്കു നേരെ നീട്ടിയതും അവളുടെ മൊബൈലില്‍ ഒരു മിസ്കാല്‍ വന്നതും ഒരുമിച്ചാണ്. നമ്പര്‍ നോക്കാന്‍ മൊബൈല്‍ എടുത്തു പുറത്തേക്കിറങ്ങി. വഴിയരുകില്‍ പാര്‍ക്കുചെയ്തിരുന്ന ഒരു ഒമിനി വാനില്‍ കേറി. നഗരത്തിന്റെ ഭ്രാന്തമായ തിരക്കിലേക്ക് വാന്‍ മറഞ്ഞപ്പോള്‍ അവസാനത്തെ നെഞ്ചിടിപ്പിനു കാതോര്‍ത്തു അവന്‍ കിടന്നു.

Tuesday, June 8, 2010

സമാധാനം

പണിസ്ഥലത്തുനിന്നും നിന്നും റൂമിലോട്ടു പോകുമ്പോഴും അയാളുടെ മനസില്‍ സമാധാനത്തെകുറിച്ചായിരുന്നു ചിന്തകള്‍ മുഴുവന്‍.എന്താ ഇപ്പൊ ഇങ്ങനെ ചിന്തിക്കാന്‍ എന്ന് പ്രത്യേകിച്ച് ഒരു കാരണവും അയാള്‍ കണ്ടില്ല. എന്നാലും അയാളുടെ മനസ്സില്‍ ആ  ചിന്തകള്‍, ഇരുട്ടിന്റെ മറവില്‍ രക്തം കുടിക്കാന്‍ വരുന്ന കൊതുകിനെയും, മൂട്ടയും പോലെ  വെട്ടയാടികൊണ്ടിരുന്നു. ലോകത്തു പണമുള്ളവനും, ഇല്ലാത്തവനും ഈ കാലഘട്ടത്തില്‍ സമാധാനം ഉണ്ടാവില്ല എന്ന സത്യം അയാള്‍ക്ക് അറിയാമായിരുന്നു. എന്തിനാണ് ഏറെ പറയുന്നത് കോടികള്‍ സമ്പാദിക്കുന്ന തന്റെ മുതലാളിപോലും ഒരു രാത്രിയോ പകലോ സമാധാനമായി ഒന്നുറങ്ങാന്‍ കഴിയുന്നുണ്ടോ എന്ന് സംശയമാണ്. അങ്ങനെയാണെങ്കില്‍ മറ്റു കോടീശ്വരന്‍മാരുടെ അവസ്ഥയും മറിച്ചാകാന്‍ വഴിയില്ല. പാവപ്പെട്ടവന്‍റെ അവസ്ഥയും ഇതുതന്നെ ലക്ഷങ്ങള്‍ കൊടുത്ത് ഈ മരുഭൂമിയില്‍ വന്നു ജീവിതകാലം മുഴുവന്‍ ചോര നീരാക്കിയാലും വിസയ്ക്ക് കൊടുക്കാന്‍ കടം വാങ്ങിയത് തിരിച്ചുകൊടുക്കാന്‍ പറ്റില്ല.പാവപെട്ടവന്‍ എന്നുപറയുമ്പോള്‍ താനും ആ ഗണത്തില്‍ പെടുമെല്ലോ എന്നോര്‍ത്തപ്പോള്‍  അയാളുടെ മുഖത്ത് ഒരു ചിരിവിടര്‍ന്നു അതിനു എന്തൊക്കെയോ അര്‍ഥങ്ങള്‍ ഉണ്ടായിരുന്നു. പിന്നെ വീട്ടിലെ പ്രശ്നങ്ങള്‍ ഓര്‍ക്കുമ്പോള്‍ വീട്ടിലോട്ട് പോകാന്‍തന്നെ പേടിയാണ്. ഇവിടെ വണ്ടിയിടിച്ച മത്തി (വിളമ്പുമ്പോള്‍ മുള്ളും അല്‍പ്പം ദശയും കാണും) വെച്ചുണ്ടാക്കിയ മുളകുചാറു കഴിക്കുമ്പോള്‍ നാട്ടില്‍ വറ്റയും, ആവോലിയും ആയിരുന്നു അവര്‍ കഴിച്ചിരുന്നത്. പണത്തിനു വേണ്ടി മാത്രം വരുന്ന കത്തുകള്‍. വിവാഹത്തിന് മുന്‍പ് അമ്മയുടെ പേരില്‍ അയച്ചുകൊണ്ടിരുന്ന പണം, വിവാഹത്തിന് ശേഷം ഭാര്യയുടെ പേരില്‍ അയക്കാന്‍ തുടങ്ങിയപ്പോള്‍ അവിടെ ഒരു യുദ്ധം തുടങ്ങാന്‍ പോവ്വാന്നെന്ന് അറിഞ്ഞിരുന്നില്ല. പിന്നെ അത് അമ്മായിയമ്മ പോരെന്നും, മരുമകള്‍ പോരെന്നുള്ള രണ്ടുപേരുടെയും വാദഗതികളുടെ ഇടയില്‍ എന്തുചെയ്യണം എന്ന് പകച്ചിരിക്കുന്നതിന്റെ കൂടെ ഇവിടുത്തെ ജോലി പ്രശ്ന്നങ്ങളും.
ഇങ്ങനെ പ്രശ്നങ്ങള്‍ ഓരോന്ന് കൂടി തന്റെ ഉള്ള സമാധാനം കൂടി പോകും എന്നുള്ള സത്യം മനസിലാക്കി കട്ടിലിനു താഴെ ആരുംകാണാതെ വെച്ചിരുന്ന "റോയല്‍ " എന്നാ ദുബായ് വിസ്കി എടുത്തു ചൂടുവെള്ളം ഒഴിച്ച് മോന്തി സമാധാനത്തോടെ കിടന്നുറങ്ങി.

Wednesday, June 2, 2010

ഓഹരി

       ഓഹാരിവിലകള്‍ താഴോട്ട് പോകുന്നത് കണ്ടപ്പോള്‍ വിജയന്‍ ഒന്ന് പുഞ്ചിരിച്ചു, പുതിയവ മേടിക്കാന്‍ ഇതാണ് പറ്റിയ അവസരം. കഴിഞ്ഞാഴ്ച്ച താന്‍ വന്‍ ലാഭത്തില്‍ വിറ്റ ഓഹരിയുടെ വിലയാണ് രണ്ടുമൂന്നു  ദിവസമായി താഴോട്ട് പോകുന്നത്. അന്ന് തന്റെ സഹപ്രവര്‍ത്തകര്‍ പറഞ്ഞതാണ്‌ "വിജയാ ആ ഓഹരികള്‍ വില്‍ക്കരുത്‌ ഇനിയും വിലകൂടും എന്നൊക്കെ", ഇതൊക്കെ ടീവിയില്‍ ഇരിക്കുന്നവന്മാര്‍ പറയുന്നത് കേട്ട് പറയുന്നതാണെന്ന് വിജയന് അറിയാമായിരുന്നു. പക്ഷെ ഇപ്പോള്‍ എന്ത് സംഭവിച്ചു. ഇഞ്ചി കടിച്ച കുരങ്ങിനെ പോലെ ഇരിക്കുന്ന അവരുടെ മുഖത്തേക്ക് നോക്കിയപ്പോള്‍ ഒരു വല്ലാത്ത നിര്‍വൃതി തോന്നി. തന്നെ കുറിച്ച് തനിക്ക് അഭിമാനിക്കാന്‍ വീണ്ടും  ഒരു വക. ഓഹരി കച്ചവടത്തില്‍ കുറച്ചു കാലമേ ആയിട്ടുള്ളൂ എങ്കിലും ഈ കച്ചവടത്തില്‍ തന്നെ വെല്ലാന്‍ ആരുമില്ല എന്ന് അയാള്‍ക്ക്‌ അറിയാമായിരുന്നു ഒരുപക്ഷെ അത് സത്യവുമായിരുന്നു അതിന്റെ തെളിവാണ് പുറത്തുകിടക്കുന്ന തന്റെ പുതിയ ഓഡി കാര്‍.
     പുതിയ കച്ചവടത്തെ കുറിച്ച് ആലോചികുമ്പോളാണ് ഒരു കത്ത് കിട്ടിയത്. ഓഹരി കച്ചവടത്തില്‍ മുഴുകിരിക്കുമ്പോള്‍ ആരും തന്നെ ശല്യപെടുത്തരുത് എന്ന് അയാള്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നുവെങ്കിലും കത്തിലെ മേല്‍വിലാസത്തിന്റെ കൈപട കണ്ടപ്പോള്‍ അത് തന്റെ അച്ഛന്റെ കത്താണ് എന്ന് മനസിലായി. കഴിഞ്ഞാഴ്ച മുതല്‍ അച്ഛന്‍ ഫോണില്‍ വിളിക്കാന്‍ ശ്രമിക്കുകയാണ്.ഒരു തവണ തിരിച്ചുവിളിക്കാം എന്ന് പറഞ്ഞെങ്കിലും പിന്നെ വന്ന വിളികള്‍ ഒന്നും തന്നെ തനിക്ക് ലാഭം തരുന്ന ഓഹരി കച്ചവട തിരക്കിനാല്‍ എടുത്തില്ല. അതിനലവും ഇപ്പൊ ഈ കത്ത്പരിപാടി. സമയം ഇല്ലെങ്കിലും അത് പൊട്ടിച്ചു വായിക്കാന്‍ തുടങ്ങി.
    "പ്രിയപ്പെട്ട മോന്, പലതവണ വിളിക്കാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല. നല്ല ജോലിതിരക്കവും എന്ന് വിചാരിക്കുന്നു. കഴിഞ്ഞതവണ അയച്ചുതന്ന പണംകൊണ്ട് വീട്ടുവാടകയും, പറ്റു കടയിലും കൊടുത്തപ്പോള്‍ എല്ലാം തീര്‍ന്നു. അമ്മക്ക് സുഖം തീരയില്ല. എന്റെ കാര്യവും അറിയാല്ലോ. കുറച്ചു പണം അയച്ചു തന്നിരുന്നേല്‍ ........." വായന തടസ്സപെടുത്തികൊണ്ട് തന്റെ മുന്നിലെ സ്ക്രീനില്‍ ഒരു മിന്നലാട്ടം കണ്ടു അതെ പുതിയതായി തുടങ്ങാന്‍ പോകുന്ന ഒരു ഓഹരിയുടെ വിവരങ്ങള്‍ ആണ്. ഇരയെ കണ്ട സിംഹത്തെ പോലെ അയാള്‍ ആ സ്ക്രീനിലേക്ക് നോക്കി. തന്റെ മുന്നിലിരിക്കുന്ന ലാഭത്തെ നോക്കണോ അതോ പ്രാരാബ്ദങ്ങള്‍ നിറഞ്ഞ ആ കത്തിനെ വായിക്കണോ എന്ന് ഒരുനിമിഷം ആലോചിച്ചതിനുശേഷം ആ കത്ത് നിര്‍ദാക്ഷിണ്യം ചുരുട്ടിക്കൂട്ടി  അയാള്‍ തന്റെ മേശക്കടിയിലെ ചവിട്ടു കുട്ടയിലേക്ക് എറിഞ്ഞു...
ഈ ബ്ലോഗിലേക്ക് വരുകയും എന്‍റെ മനോവിചാരങ്ങള്‍ വായിക്കുകയും ചെയ്ത താങ്കള്‍ക്ക് എന്‍റെ ഹൃദയം നിറഞ്ഞ നന്ദി