Tuesday, March 29, 2011

ലുലുവിലെ മാമ്പഴക്കാലം

വിനോദ് നായരുടെ "പേനകത്തി"  എന്ന ബ്ലോഗ് എന്നെ ഒത്തിരി ആകര്‍ഷിച്ചിട്ടുള്ളതാണ്. ലളിതമായ അവതരണത്തിലൂടെ കാര്യങ്ങള്‍ വളരെ പോസിറ്റീവായി അവതരിപ്പിക്കുന്ന അദ്ദേഹത്തിന്റെ രീതിയാണ് എന്നെ ആ ബ്ലോഗിലേക്ക് ആകര്‍ഷിക്കുന്നത്. പലപ്പോഴും അങ്ങനെ എഴുതണം എന്നു ഞാന്‍ വിചാരിച്ചിട്ടുണ്ടെങ്കിലും ഒരിയ്ക്കലും അത് സാധിച്ചിട്ടില്ല. എഴുതിത്തെളിയും എന്ന പ്രതീക്ഷയോടെ വീണ്ടും ഞാന്‍ എഴുത്തുകയാണ്. പേനാകത്തിയുടെ കഴിഞ്ഞ ഒരു ലക്കത്തില്‍ മാമ്പഴമാണ് വിഷയം. അതും നാട്ടുമാവിലെ മാമ്പഴം. എന്റെ ഭാഷയില്‍ പറഞ്ഞാല്‍ മാങ്ങാപഴം. മാമ്പഴം എന്ന വാക്കുകേള്‍ക്കുമ്പോള്‍ തന്നെ നാട്ടില്‍ എന്റെ വീടിന്റെ അയല്‍വക്കത്തുള്ള ആ വലിയ മാവിനെയാണ് ഓര്‍മ്മ വരുന്നത്. ഒരു ഇരുപതു-ഇരുപത്തഞ്ചടി പൊക്കംവരെ ശികരങ്ങളില്ലാതെ പടര്‍ന്ന് പന്തലിച്ച് നില്‍ക്കുന്ന ഒരു നാട്ടുമാവ്. തട്ടുതട്ടായ ഭൂമിയില്‍ മൂന്നു തട്ടുകളിലായി പന്തലിച്ച് നിന്ന ആ നാട്ടുമാവ് ഇന്ന് ഒരു ഓര്‍മ്മായായി എന്നതാണു യദാര്‍ഥ്യമെങ്കിലും ആ മാവിനെ മറക്കുവാന്‍ എനിക്കു ഒരിയ്ക്കലും സാധിക്കില്ല. ബ്ലോഗുകള്‍ എഴുതാന്‍ മാത്രം  എന്റെ ബാല്യകാലത്ത് വലിയ അനുഭവങ്ങള്‍ ഉണ്ടായിട്ടില്ല എങ്കിലും ഇന്നും നഷ്ട്ടബോധങ്ങളില്‍ ഈ മാവും, അതിലെ സുഗന്ധമുള്ള മമ്പഴവും നിറഞ്ഞു നില്ക്കുന്നു.


മേയ് - ജൂണ്‍ മാസമാണ് മാവിലെ മാങ്ങകള്‍ പഴുക്കുന്ന കാലം. ഏപ്രില്‍ മാസത്തെ പ്രാര്‍ഥനകളില്‍ പരീക്ഷക്ക് ജയിക്കണേ എന്നു പ്രാര്‍ഥിക്കുന്നതിന് മുന്പ് മാവിലെ മാങ്ങകള്‍ കുഞ്ഞമ്മച്ചി വില്‍ക്കരുതേ എന്നതായിരുന്നു. ഇലകളെക്കാള്‍ കൂടുതല്‍ മാങ്ങകളായിരുന്നു അതില്‍. കണ്ണിമാങ്ങ പരുവം മുതലേ മാവിന്റെ ചുവട്ടില്‍ കച്ചവടക്കാര്‍ ഒത്തുകൂടും ഉപ്പിലിടാനും, അച്ചാറിടാനും പിന്നെ പഴുത്തു പറിക്കാനുമുള്ള അവകാശത്തെ സ്വന്തമാക്കാന്‍. ചുരുക്കിപറഞ്ഞാല്‍ മാവിഞ്ചോട്ടില്‍ ആളനക്കം കേട്ടാല്‍ അറിയാതെ കര്‍ത്താവേ!!!!!!!!! എന്നൊരു നിലവിളി മനസില്‍നിന്നുമുയരുമായിരുന്നു.

കച്ചവടക്കാരുടെ കണ്ണില്‍നിന്നും രക്ഷപെട്ടു വിളഞ്ഞു പഴുത്ത മാമ്പഴം വീഴുന്നതും കാത്ത് പറമ്പിന്റ്റെ അതിരെലുള്ള തൊണ്ടില്‍ (ചെങ്ക്കുത്തായ പറമ്പിന്‍റ് രണ്ടു അതിരുകള്‍ക്കിടയില്‍ വെള്ളം ഒഴുകുന്ന ചാല്‍, മഴക്കാലം കഴിയുമ്പോള്‍ നാട്ടുകാരുടെ റോഡിലോട്ട് ഇറങ്ങാനുള്ള എളുപ്പവഴിയും ഇതാണ്) കൂട്ടുകാരുമൊന്നിച്ച് ഒളിച്ചിരിക്കും കാരണം കുഞ്ഞമ്മച്ചി മാവിന് കാവലാണ്. വയസ് ഒരു എണ്‍പത്തിന് മുകളില്‍ കാണും. ഒരു വെള്ളമുണ്ടുടുത്ത് മറ്റൊരു വെള്ളമുണ്ടുകൊണ്ട് മാറുമറച്ചു, കാതില്‍ സ്വര്‍ണ്ണത്തിന്റെ ഒരു പഴയ ഫാഷനിലുള്ള കമ്മലുമിട്ട് പ്രായത്തിന്റെ ക്ഷീണമുണ്ടെങ്കിലും പറമ്പില്‍ എല്ലാടത്തും പുള്ളിക്കാരി നടക്കുമായിരുന്നു. പല്ലുകള്‍ എല്ലാം പോയെങ്കിലും ചുക്കിചുളിഞ്ഞ മുഖത്തുള്ള ചിരി കുഞ്ഞമ്മച്ചിക്ക് ഒരു സൌന്തര്യം തന്നെയായിരുന്നു.

മേയ് മാസമാദ്യത്തോടെ പരീക്ഷ ഫലം അറിയുമായിരുന്നു. ദയനീയമായ ജയത്തിന്റെ സന്തോഷങ്ങളെക്കാള്‍ ഒരുപക്ഷേ എന്നെ സന്തോഷിപ്പിച്ചത് മെയ്മാസം തീരാന്‍ നേരം തുള്ളിയ്ക്കൊരുകുടം കണക്കെ പെയ്യുന്ന മഴയിലും, കാറ്റിലും പെട്ട് വീഴുന്ന മാമ്പഴത്തെ കുഞ്ഞമ്മച്ചിയെ പറ്റിച്ചു  പെറുക്കാന്‍ കൂട്ടുകാരുമായി മത്സരിച്ചതാണ്. കൊട്ടകണക്കിന് മാമ്പഴം പെറുക്കിയെടുക്കുക, അത് എണ്ണുക, അതില്‍ കൂടുതല്‍ കിട്ടിയവന്‍ വിജയശ്രീലാളിതനാകുക അതിനുശേഷം കിട്ടിയ മാമ്പഴത്തിന്റെ ചുവടുഭാഗംകടിച്ചു ഈമ്പി മാങ്ങയുടെ അണ്ടിയേല്‍ ഇത്തിരിപ്പോലും മാങ്ങ ഇല്ലാതെ തിന്നേച്ച് കൂട്ടുകാരന്റെ പേര് വിളിച്ചിട്ടു അവന്‍ "എന്താ?" എന്നു വിളികേള്‍ക്കുമ്പോള്‍ "അണ്ടിക്ക് പോയി കൂട്ടിരുന്നോ" എന്നു പറഞ്ഞ് മങ്ങാണ്ടി വലിച്ചെറിയുക എന്നതൊക്കെയായിരുന്നു അന്നത്തെ വിനോദങ്ങള്‍. രാവിലെ കണ്ണുതുറക്കുമ്പോള്‍ തൊട്ട് മാങ്ങാപഴം തിന്നു വൈകുന്നേരമാകുമ്പോള്‍ വയറിളക്കം പിടിക്കുക എന്നത് നിത്യ സംഭവമായിരുന്നു. എങ്കിലും ഉച്ചകഴിഞ്ഞുള്ള മഴക്കാറുകള്‍, കാറ്റ് എന്നിവ കാണുമ്പോള്‍ വീണ്ടും ആ മാവിന്‍ ചുവട്ടിലേക്ക് മനസുപറക്കും, പുറകെ ശരീരവും.

കുഞ്ഞമ്മച്ചിയും, ആ മാവും ഇപ്പോള്‍ ഒരു ഓര്മ്മ മാത്രമാണു. കാലത്തിന്റെ വിളിയില്‍ കുഞ്ഞമ്മച്ചി പോയപ്പോള്‍, പരിഷക്കാരങ്ങളുടെയും, അസൌകര്യങ്ങളുടെയും വിളിയില്‍ ആ മാവും എന്നേക്കുമായി ഓര്‍മ്മയായി. വര്‍ഷങ്ങളായി എന്റെ മൂക്കിന് അന്യമായിരുന്ന ആ സുഗന്ധം  ഇന്ന് ലുലുവില്‍ നിന്നപ്പോള്‍ അനുഭവപ്പെട്ടു. അപ്പോഴാണ് ഞാന്‍ അവിടെ നടക്കുന്ന മാമ്പഴത്തിന്റെ ഉത്സവം കണ്ടത്. ഒരു ഭാഗം മുഴുവന്‍ വിവിധ തരത്തിലുള്ള മാമ്പഴം കൂട്ടിയിട്ടിരിക്കുന്നു. ഞാന്‍ എന്റെ മാമ്പഴം നോക്കി നടന്നു. എന്റെ മൂക്കിലേക്ക് അപ്പോഴും സുഗന്ധം വന്നുകൊണ്ടേയിരുന്നു. നാട്ടുമാങ്ങ എന്നെഴുതിരിക്കുന്ന ഭാഗത്തെ മാങ്ങ എടുത്തു മാണത്തുനോക്കിയെങ്കിലും നിരാശയായിരുന്നു ഫലം.

ജീവിതത്തില്‍ നിന്നും ആ സുഗന്ധം കടന്നു പോയിരിക്കുന്നു. ഇനി എനിക്കു എന്റെ മനസില്‍ പച്ചപിടിച്ചിരിക്കുന്ന സുഗന്ധപൂര്‍ണ്ണമായ ആ ഓര്‍മകള്‍ മാത്രമേയുള്ളൂ. ഇന്നലെ അമ്മവിളിച്ചപ്പോള്‍ വീട്ടുമുറ്റത്ത് വളര്‍ന്ന് വന്ന മാവ്  നാടന്‍ മാവായിരിക്കും എന്നും പറഞ്ഞപ്പോള്‍ മനസില്‍ അന്ന് നനഞ്ഞ സുഗമുള്ള മഴപെയ്തു. ഞാന്‍ കാത്തിരിക്കുകയാണ് ആ സുഗന്ധത്തിനായി, മത്സരത്തിനായി, പിന്നെ കൂട്ടുകാരന്റെ പേരുവിളിച്ചു മാങ്ങണ്ടി വലിച്ചെറിയാന്‍.

 ചിത്രത്തിന് കടപ്പാട് :- അടുക്കളത്തളം

No comments:

ഈ പോസ്റ്റിനെ കുറിച്ചു നിങ്ങളുടെ അഭിപ്രായമെന്താണ്‌.

ഈ ബ്ലോഗിലേക്ക് വരുകയും എന്‍റെ മനോവിചാരങ്ങള്‍ വായിക്കുകയും ചെയ്ത താങ്കള്‍ക്ക് എന്‍റെ ഹൃദയം നിറഞ്ഞ നന്ദി