Wednesday, May 11, 2011

നേതാവേ !!! ഇതൊന്നു വായിക്കണേ.......

എത്രയും ബഹുമാനപ്പെട്ട നേതാവിന്,

നാടിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന താങ്കള്‍ക്ക് ഈ എളിയവന്റെ ഈ വാക്കുകള്‍ വായിക്കുവാന്‍ സമയമുണ്ടാകില്ല എന്നു എനിക്കു അറിയാമെങ്കിലും എഴുതാതിരിക്കുവാന്‍  നിവര്‍ത്തിയില്ലായ്മകൊണ്ടു എഴുതിപ്പോകുന്നതാണ്. താങ്കള്‍ സദയം ക്ഷമിയ്ക്കുക. 

ഒരു പുതിയ ജോലിക്കുള്ള കൂടികാഴ്ച്ചകളില്‍ മിക്കവാറും ചോദ്യകര്‍ത്താക്കള്‍ ചോദിക്കുന്ന ഒരു ചോദ്യമാണ് എന്തിനാണ് ഈ ജോലിക്കായി വന്നത് എന്നു. വേറെ പണികിട്ടാത്തതുകൊണ്ടാണ് എന്നു മനസില്‍ തോന്നുമെങ്കിലും ആരും തന്നെ അത് പുറത്തു പറയാതെ ഈ പണിയില്‍ കൂടി ഞാന്‍ മല മറിക്കും എന്ന രീതിയില്‍ ഉത്തരം പറയും.  ഇതറിയാവുന്ന ചോദ്യകര്‍ത്താവ്  ശരിയെന്ന്
ഇരുത്തി മൂളുകയോ, തലയാട്ടുകയോ ചെയ്യും. മറ്റ് പണികിട്ടാത്തതുകൊണ്ടാണ് ഈ പണിക്കു വന്നത് എന്ന സത്യം രണ്ടുപേര്‍ക്കുമറിയാമെങ്കിലും അത് ഭംഗിയായി മറച്ചുവെക്കുന്നു. ഇനി ജോലിക്കു കേറിയാല്‍ പിന്നെ കുറച്ചു കാലത്തേക്ക് ആത്മാര്‍ഥതയുടെ പര്യായമായി ജോലിചെയ്യുകയും അതിനു ശേഷം തന്റെ തനിനിറം പുറത്തുകാണിക്കുകയും ചെയ്യും എന്നത് വേറെ കാര്യം.

ഏതാണ്ട് ഇതുപോലയൊക്കെയാണ് താങ്കള്‍ ഞങ്ങളുടെ മുന്പില്‍ വോട്ടിനായി വരുമ്പോള്‍ ഞങ്ങള്‍ക്കും തോന്നുന്നത്. ചോദ്യകര്‍ത്താവിന്റെ സ്ഥാനത്ത് ഞങ്ങളും, ഉദ്യോഗാര്‍ഥിയുടെ സ്ഥാനത്ത് താങ്കളും എന്നുമാത്രം. ഞാന്‍ മുന്പ് സൂചിപ്പിച്ചതുപോലെയുള്ള പ്രകടനങ്ങള്‍ എല്ലാം അപ്പോഴും നടക്കുന്നുണ്ട്. താന്‍ ജയിച്ചാല്‍ പൈപ്പിലൂടെ പാലും, തേനും, കാലിന് വേദനിക്കാതിരിക്കാന്‍  റോഡില്‍ പരവതാനി, അങ്ങനെ അതി സുന്തരമായ നടക്കാത്ത കാര്യങ്ങള്‍ പറഞ്ഞു ചിരിച്ചു കാണിച്ചു താങ്കള്‍ നടന്നു നീങ്ങുമ്പോള്‍ ഓ എല്ലാം പറഞ്ഞപ്പോലേയെന്ന രീതിയില്‍ ഞങ്ങളും ചിരിച്ചു തലയാട്ടുന്നു. ഇതൊക്കെ നടക്കുമോ ചേട്ടാ എന്നു ചോദിക്കാന്‍ പലപ്പോഴും തോന്നീട്ടുണ്ടെങ്കിലും നിങ്ങളുടെ ശക്തിയെയും, ബലത്തെയും ഓര്‍ത്ത് ഇതൊക്കെ ആ ചിരിയില്‍ ഞങ്ങള്‍ ഒതുക്കുകയാണ് പതിവ്. സത്യം.

പ്രിയ നേതാവേ ബാലറ്റ് പേപ്പറില്‍ അല്ലെങ്കില്‍ മെഷീനില്‍ ഇവന്‍മ്മാരേയൊന്നും എനിക്കു വേണ്ടാ അല്ലെങ്കില്‍ ഈ തിരഞ്ഞെടുപ്പ് ഞാന്‍ ബഹിഷ്ക്കരിക്കുന്നു എന്നുള്ള ഒരു സ്ഥലമോ ബട്ടനോ ഇല്ലാത്തതിനാല്‍ നിവര്‍ത്തികേടുകൊണ്ടാണ് ഞങ്ങള്‍ ആരുടെങ്കിലും നേരെ കുത്തുന്നത്, അല്ലെങ്കില്‍ ഞെക്കുന്നത്. ഇനി വോട്ടിന് പോകതിരുന്നാല്‍ നാളെയും നിങ്ങളെ എന്റെ വീട്ടുപടിക്കല്‍ കാണേണ്ടിവരുമെല്ലോ എന്നോര്‍ത്ത വോട്ട് ചെയ്തു പോകുന്നത്.

ഇന്നതെ രാഷ്ട്രീയ വാര്‍ത്തകള്‍ വായിച്ചാല്‍ പിന്നെ വോട്ടിന് പോയിട്ടു നിങ്ങളെ കണ്ടാല്‍ തന്നെ വെറുപ്പ് തോന്നും. സംസ്ക്കാരത്തെ കുറിച്ച് പറയുന്നതുതന്നെ സംസ്കാര ശൂന്യമായ വാക്കുകളിലാണ്. അഴിമതിയുടെ കാര്യമാണേല്‍ പിന്നെ പറയുകയും വേണ്ട. സ്വന്തം പാര്‍ട്ടിക്കാരുടെ അഴിമതിയെ ന്യായീകരിക്കുന്നത് കേട്ടാല്‍ അഴിമതി എന്തോ വലിയ പുണ്യപ്രവര്‍ത്തിയാണെന്ന് തോന്നും. എന്നാല്‍ അതിനെ എതിര്‍ക്കുന്നവരുടെ വാക്കുകള്‍ കേട്ടാലോ അവരെല്ലാം പരിശുദ്ധന്‍മ്മരാണ്. അവര്‍ക്ക് അഴിമതി എന്ന വാക്കുകേള്‍ക്കുന്നത് ചെകുത്താന് കുരിശ് കാണുന്നപോലെയാണ്.  അവര്‍ മനപ്പൂര്‍വ്വം മറക്കുന്ന ചരിത്രങ്ങള്‍ പക്ഷേ ഞങ്ങള്‍ക്ക് നല്ല ഓര്‍മ്മയുണ്ടെന്ന കാര്യം നിങ്ങള്‍ക്കറിയാമോ നേതാവേ.

നേതാവേ നിങ്ങള്‍ പരസ്പ്പരം ചെളിവാരിയെരുന്നത് കാണാനും, കേള്‍ക്കാനും രസമുണ്ടെങ്കിലും യദാര്‍ഥത്തില്‍ ഞങ്ങള്‍ക്ക് വേണ്ടത് ഇതൊന്നുമല്ല. നിങ്ങളുടെ മലക്കം മറിച്ചിലുകള്‍, തെറിവിളി, കുറ്റം പറച്ചില്‍, കോപ്രായങ്ങള്‍ എന്നിവ കാണുമ്പോള്‍ ഞങ്ങള്‍ കൈയടിക്കാറുണ്ടെങ്കിലും ഗട്ടറില്‍ വീഴുമ്പോള്, വോള്‍ട്ടേജില്ലാതെ ബള്‍ബ് കത്തുമ്പോള്, ഹര്‍ത്താലുവരുമ്പോള്, ആവശ്യ സാധനങ്ങള്‍ക്ക് വിലകൂടുമ്പോള്‍ സത്യം പറയാമെല്ലോ നേതാവേ അറിയാതെ ഉള്ളിന്റെ ഉള്ളില്‍ നിങ്ങളെ പ്രാകാറുണ്ട്.

അതിനാല്‍ ഇനിയെങ്കിലും ഞങ്ങള്‍ക്ക് ആവശ്യമുള്ളത് എന്താണ് എന്നു മനസിലാക്കി പ്രവര്‍ത്തിക്കുവാന്‍ ശ്രമിക്കുക. പോത്തിന്റെ ചെവിയില്‍ വേദമൂതിയിട്ടു കാര്യമില്ല എന്നറിയാമെങ്കിലും  നിവര്‍ത്തിയില്ലാത്തതുകൊണ്ടു പറഞ്ഞു പോയതാണ് ക്ഷമിയ്ക്കുക. 

No comments:

ഈ പോസ്റ്റിനെ കുറിച്ചു നിങ്ങളുടെ അഭിപ്രായമെന്താണ്‌.

ഈ ബ്ലോഗിലേക്ക് വരുകയും എന്‍റെ മനോവിചാരങ്ങള്‍ വായിക്കുകയും ചെയ്ത താങ്കള്‍ക്ക് എന്‍റെ ഹൃദയം നിറഞ്ഞ നന്ദി