Monday, October 31, 2011

നേര്‍ച്ചകളിലെ പ്രത്യാശകള്‍

ജയിച്ചാല്‍ ഒരു മെഴുകുതിരി, ഫസ്റ്റ് ക്ലാസ്സിന് രണ്ടു മെഴുകുതിരി, ഡിസ്റ്റിങ്ഷന്‍ കിട്ടിയാല്‍ ഒരു കൂട് മെഴുകുതിരി......റാങ്കുകിട്ടിയാല്‍ എന്തു കൊടുക്കുമെന്ന് മാത്രം എഴുതീയിട്ടില്ല. എന്തോ ദൈവം സഹായിച്ചാല്‍ പോലും എനിക്കു റാങ്കുകിട്ടില്ലന്നു തോന്നിയതുകൊണ്ടാവാം ആ നേര്‍ച്ച വേണ്ടന്നു വെച്ചത്. പണ്ട് പത്താം ക്ലാസ്സ്  പരീക്ഷ ഒരുക്കത്തിന്റെ മുന്നോടിയായി അറിയാവുന്ന പരിശുദ്ധമ്മാര്‍ക്ക് നേര്‍ന്ന നേര്‍ച്ചകള്‍ മറന്നു പോകാതിരിക്കാന്‍ സ്വന്തം ഡയറിയില്‍ എഴുതിവെച്ചത്, കഴിഞ്ഞ ദിവസം അലമാര വൃത്തിയാകികൊണ്ടിരുന്ന ഭാര്യക്കാണ് കിട്ടിയതു. ആദ്യം പറഞ്ഞ വരികള്‍ ഒരു കള്ളചിരിയോടെ എന്റെ മുന്നില്‍ വന്നു വായിച്ചു കേള്‍പ്പിച്ചപ്പോള്‍ ഒരുതരം കളത്തരം പിടിക്കപ്പെട്ട ഒരു കുട്ടിയുടെ മരവിപ്പാണ് തോന്നിയത്. അതുവരെ കളിയാക്കലുകളില്‍ മുന്നിട്ടു നിന്ന എന്നെ ആറ്റംബോംബിട്ട് തകര്‍ത്ത ഒരു സന്തോഷമാണ് ഞാന്‍ അവളുടെ മുഖത്ത് കണ്ടെതെങ്കിലും അടുത്ത നിമിഷം അത് സ്നേഹത്തില്‍ കലര്‍ന്ന കരുണയിലേക്കൊ, സഹതാപത്തിലേക്കൊ മാറി. ഒരു പ്രസ്ഥാനമായി സ്വാലങ്കൃതനായ എന്റെ യഥാര്‍ത്ഥ രൂപം അവള്‍ക്കു പിടികിട്ടിതുടങ്ങിയതിന്റെ പൂര്‍ണ്ണതയായിരുന്നു ഈ സംഭവം.

നേര്‍ച്ചകള്‍ എപ്പോഴും ജീവിതത്തിന്റെ ഒരു ഭാഗമാണ്. ജീവിതത്തിലെപ്പോഴെങ്കിലും ദൈവമുള്ളവനും, ഇല്ലാത്തവനുമെല്ലാം ഈ പ്രക്രിയയില്‍  കൂടി  കടന്നു പോകാറുണ്ട്. നമുക്ക് ലഭിക്കുന്ന സുഖത്തിന്, സന്തോഷത്തിന്  അതിനു കാരണക്കാരായവര്‍ക്ക് കൊടുക്കുന്ന "സന്തോഷത്തിനെ", ദൈവത്തിന്നു കൊടുക്കുമ്പോള്‍ നമ്മള്‍  നേര്‍ച്ചകള്‍ എന്നാക്കുന്നു എന്നുമാത്രം. സ്കൂളില്‍ പഠിച്ചിരുന്ന കാലത്ത് എന്റെ സുഹൃത്ത് ചാക്കോച്ചന്‍ അവന്റെ പരീക്ഷ വിജയത്തിനു കാരണക്കാരന്‍ ദൈവമാണെന്ന് പറയുമായിരുന്നു, അതിനു അവന്‍ എത്ര നേര്‍ച്ചകള്‍ ഇട്ടിടുണ്ട് എന്നു കളിയാക്കിയതുകൊണ്ടാണോ എന്തൊ എന്തിനും ഏതിനും ദൈവത്തിന്റെ സഹായം ഞാന്‍ തേടാന്‍ തോന്നി തുടങ്ങിയത്. സ്വന്തം കാര്യത്തിനായാലും, വേണ്ടപ്പെട്ടവരുടെ കാര്യത്തിനായാലും നേര്‍ച്ചകളില്‍ എപ്പോഴും ഒരു പ്രത്യാശയുണ്ടു. വ്യാധികള്‍ മാറി ജീവിതത്തിലേക്ക് വരുവാന്‍, കഷ്ട്ടപാടുകളില്‍ നിന്നും രക്ഷപെടാന്‍, കല്യാണം നടക്കാനും നടക്കാതിരിക്കാനും, ജോലികിട്ടന്‍, ലോട്ടറിയടിക്കാന്‍, സാറിന്റെ കയ്യില്‍ നിന്നും അടികിട്ടാതിരിക്കാന്‍, ചോദ്യം ചോദിക്കാതിരിക്കാന്‍, പരീക്ഷയില്‍ ജയിക്കാന്‍, കൂടുതല്‍ മാര്‍ക്ക് കിട്ടാന്‍, കോപ്പിയടിക്കാന്‍, തെറ്റ് ചെയ്യാന്‍ അങ്ങനെ ആവശ്യങ്ങളുടെ നിര നീണ്ടു പോകുന്നു.

പലപ്പോഴും നേര്‍ച്ചകള്‍ നേരുന്നത് കൈക്കൂലിയേക്കാള്‍ തരംതാണ രീതിയിലാണ് എന്നു തോന്നാറുണ്ട്, ദൈവത്തെ ഒരുമാതിരി ഭീഷണിപ്പെടുത്തി അല്ലെങ്കില്‍ പ്രലോഭിപ്പിച്ചു കാര്യം നേടുക എന്നതിലേക്ക് നമ്മുടെ നേര്‍ച്ചകളുടെ നിലവാരം കുറയുന്നുവോ?. പണ്ട് ക്ഷേത്രങ്ങളില്‍ പോകുമ്പോള്‍ കൈയ്യില്‍ എന്തെങ്കിലും വിലപ്പെട്ടത് കരുതി പോകുന്ന പതിവില്‍നിന്നുമായിരിക്കാം ഈ നേര്‍ച്ച എന്ന ഇടപാട് തുടങ്ങിയത്. എന്തായാലും ഇന്ന് ബഹുഭൂരിപക്ഷം ആരാധനാലയങ്ങളുടെയും മുഖ്യ സാമ്പത്തീക ശ്രോതസ് എന്നത് കാണിക്ക വഞ്ചിയില്‍ നിന്നും കിട്ടുന്ന ഈ നേര്‍ച്ച പണമാണ്. ചില്ലറ പൈസ കാണിക്കവഞ്ചിയിലേക്ക് വലിച്ചെറിഞ്ഞു പറന്നു പോകുന്ന വാഹനങ്ങളില്‍ ഉള്ളവര്‍ എന്താണ് ഉദ്ദേശിക്കുന്നത് എനിക്കു മനസിലാകുന്നില്ല. ഒരു വെള്ളിത്തൂട്ട് വലിച്ചെറിഞ്ഞിട്ടു പിന്നെ കാണിക്കുന്ന എല്ലാ തിന്‍മ്മകളും ദൈവം പൊറുക്കും എന്നാണോ? അതോ ഒരു ഭിക്ഷക്കാരനോടു കാണിക്കുന്ന ഔദാര്യമാണോ? അതോ വലിച്ചെറിയുന്ന നിമിഷം വരെ കാത്തു സൂക്ഷിച്ചതിനുള്ള ശമ്പളമോ? ഇത് ഒരു കൂട്ടര്‍ മാത്രമല്ല ചെയ്യുന്നത് നമ്മള്‍ എല്ലാവരും ഏതെങ്കിലും സമയത്ത് ഇതൊക്കെയാണ് ചെയ്യുന്നത്. നേര്‍ച്ചകള്‍ എത്ര കൊടുത്തു എന്നതിനേക്കാള്‍, എങ്ങനെ കൊടുക്കുന്നു എന്നതിലാണ് കാര്യം. ഇല്ലായ്മയില്‍ നിന്നും മനസുനിറഞ്ഞു കൊടുക്കുന്ന നേര്‍ച്ചക്കാണു, ഉള്ളതില്‍നിന്നും മനസുമടിച്ചു കൊടുക്കുന്നതിനേക്കാള്‍  ശ്രേഷ്ട്ടത.ഇത് മനസിലാക്കാതെയാണ് നമ്മള്‍ നേര്‍ച്ച നേരുന്നതും, കൊടുക്കുന്നതും. അര്‍ത്ഥമില്ലാത്ത നേര്‍ച്ചകള്‍ വെറും വിലയില്ലാത്ത പഴ്വാക്കുകളാന്നെന്നാണു എന്റെ വിലയിരുത്തല്‍.

ചെറുപ്പത്തില്‍ എന്റെ ചെവിവേദനമാറിയത് പരിശുദ്ധന്മ്മരോടുള്ള എന്റെ അമ്മയുടെ പ്രാര്‍ത്ഥന-നേര്‍ച്ചകള്‍ കൊണ്ടാണെന്ന് കെട്ടിടുണ്ട്. ജീവിതത്തില്‍ ഒറ്റപ്പെട്ടുപോകുന്ന നിമിഷങ്ങളില്‍ തളര്‍ന്നു പോകാതെ താങ്ങിനിര്‍ത്തുന്നതാണ് ദൈവവിചാരം, അതിന്റെ പ്രതീക്ഷകളാണ് നേര്‍ച്ചകള്‍. പല ജീവിത പ്രതിസന്ധികളില്‍ കൂടി കടന്നു പോയപ്പോളൊക്കെ നേര്‍ച്ചകളിലെ ഈ പ്രതീക്ഷകളാണ് എന്നെ താങ്ങി നിര്‍ത്തിയത്. ദൈവികമായ ഈ പ്രത്യശകളാണ് നമ്മെ പ്രത്യാശയുള്ള ജീവിതത്തിലേക്ക് നയിക്കുന്നതും.

3 comments:

 1. അഭിനന്ദനങ്ങള്‍................

  ReplyDelete
 2. എത്രയൊക്കെ പഠിച്ചു ആത്മ വിശ്വാസത്തോടെ പരീക്ഷ എഴുതിയാലും അതിന്റെ ഫലം വരുന്നതിനു മുന്‍പ് നേര്ച്ച നേരുന്ന പതിവ് എനിക്കും ഉണ്ടായിരുന്നു...ജീവിതത്തിന്റെ പ്രതിസന്ധി ഘട്ടങ്ങളില്‍ ഇപ്പോഴും നെറച്ച നേരാറുണ്ട്...എല്ലാം ഒരു വിശ്വാസം മാത്രം..അതിന്റെ ശാസ്ത്രീയ വശങ്ങള്‍ ഒന്നും ഇതുവരെ ചികയാന്‍ പോയിട്ടില്ല..ഈ നല്ല കുറിപ്പിന് അഭിനന്ദനങ്ങള്‍ .
  സ്നേഹപൂര്‍വ്വം 'ഒരു ദുബായിക്കാരന്‍

  ReplyDelete
 3. അഭിനന്ദനങ്ങള്‍

  ReplyDelete

ഈ ബ്ലോഗിലേക്ക് വരുകയും എന്‍റെ മനോവിചാരങ്ങള്‍ വായിക്കുകയും ചെയ്ത താങ്കള്‍ക്ക് എന്‍റെ ഹൃദയം നിറഞ്ഞ നന്ദി