Monday, November 12, 2012

സുഗന്ധമുള്ള പ്രതികാരം

ആദ്യരാത്രിയിലെ പോലെ മുല്ലപ്പൂ സുഗന്ധമുള്ള  ഒരു രാത്രിയിലാണ് റോഷ് തനിക്കുവന്ന ആദ്യ കല്ല്യാണാലോചനയേകുറിച്ചു റീനയോട് അറിയാതെ വീണ്ടും പറഞ്ഞത്. അപ്പോള്‍ റീന റോഷിന്റെ ഹൃദയതാളത്തോട് ചെവിചേര്‍ത്തു, വിരിഞ്ഞ നെഞ്ചിലെ രോമങ്ങളെ തഴുകുകയായിരുന്നു. 

        "നല്ല പെണ്‍കുട്ടിയായിരുന്നു, അവളുടെ പ്രായം ഒന്നു മാത്രമാണു ആ കല്ല്യാണം മുടങ്ങിയത്"

ഓര്‍ക്കാപ്പുറത്ത് നടുറോഡില്‍ കെ‌എസ്‌ആര്‍‌ടി‌സി ബസുകള്‍ നിര്‍ത്തുന്നതു പോലെ യാതൊരു മുന്നറിയിപ്പുമില്ലാതെ റീനയുടെ കൈവിരലുകള്‍ നിന്നു. അത് നിന്നതും ബസിന്റെ തൊട്ട് പുറകില്‍ വന്ന ബൈകുകാരനെ പോലെ റോഷ് ഒന്നു പതറി. അപ്പോഴേക്കും റീന ഒരു ആവി എന്‍ജിന്‍ പോലെ മൂകില്‍ നിന്നും ചീറ്റലുകളും, കണ്ണില്‍ നിന്നും വെള്ളവും വന്നു തുടങ്ങിയിരുന്നു. കാര്യങ്ങള്‍ കൈവിട്ടുപോകുകയാണോ?. കഴിഞ്ഞ ദിവസം മദ്യപിച്ചു വന്നതിന്റെ പിണക്കം മാറി ഒന്നു നെഞ്ചിലേക്കു കിടന്നതേയുള്ളൂ അപ്പോഴേക്കും അടുത്ത പണികിട്ടി.  അല്ലെങ്കിലും ഈ പെണ്ണുങ്ങള്‍ക്ക് നിസാര കാര്യം മതി പിണങ്ങാന്‍. പ്രിത്യേകിച്ചും ഏതെങ്കിലും പെണ്ണിന്റെ കാര്യത്തിലാണെങ്കില്‍ നിമിഷം പോലും വേണ്ട അതിനു. മറിഞ്ഞ് കിടന്നു കണ്ണുനീര്‍ ഒഴുക്കുന്ന റീനയുടെ അരികിലേക്ക് റോഷ് ചേര്‍ന്ന് കിടന്നു ചെവിയില്‍ പതുക്കെ മന്ത്രിച്ചു:

"എന്താ പാച്ചു ഇത് ....പിണങ്ങിയോ നീയ് ? ... "

"മുമ്.... "

റീനയെ ബലമായി തിരിച്ചു കിടത്തി റോഷ് തുടര്‍ന്നു .....

"ആ കല്ല്യാണത്തിന്റെ കാര്യം നിന്നോടു ആദ്യരാത്രിയില്‍ തന്നെ പറഞ്ഞതല്ലേ പിന്നെന്തിനാണ് ഇപ്പോ കരയുന്നേ...!!! "

റോഷിനെ അവഗണിച്ചു അവള്‍ മുറിയിലെ അന്ധകാരത്തിലേക്ക് കണ്ണുകളെ ശ്രമപ്പെട്ടയച്ചുകൊണ്ട് പറഞ്ഞു ....

"ഒന്നുമില്ല ......"

"ഒന്നുമില്ലാത്തത് കൊണ്ടാണോ കണ്ണു നിറഞ്ഞത്......" 

അന്ധകാരത്തില്‍ നിന്നും കണ്ണിനെ വലിച്ചെടുത്ത് റോഷിന്റെ മുഖത്തേക്കും, കണ്ണിലെക്കും എറിഞ്ഞു കൊണ്ട് റീന പൊട്ടിത്തെറിച്ചു ...

"ആ പെണ്ണിനെ കുറിച്ച് ഇനി മേലാല്‍ സംസാരിക്കില്ല എന്നു എന്നോടു സത്യം ചെയ്തതല്ലേ. എന്നിട്ടും ഇത് എത്രാമത്തെ പ്രാവശ്യമാണ് റോഷ് എന്നോടു അവളെ കുറിച്ച് പറയുന്നത് ....അതിനര്‍ത്ഥം എന്നെ റോഷിന് ഇഷ്ട്ടമല്ല ... ഇപ്പൊഴും അവളാണ് മനസില്‍ ....അല്ലേ ...  എന്നോടു അല്‍പ്പമെങ്കിലും സ്നേഹമുണ്ടോ നിനക്ക്...."

ഇടിവെട്ടിപെയ്യുന്ന തുലാമഴ പോലെ റീന പെയ്തിറങ്ങി. ഓര്‍ക്കപ്പുറത്ത് പയ്ത കണ്ണീര്‍മഴയില്‍ നനഞ്ഞ് കുതിര്‍ന്ന് റോഷും റീനയും വീണ്ടും പിരിഞ്ഞ പാലുപോലെ ഒരു കട്ടിലിന്റെ അപ്പുറവും, ഇപ്പുറവും കണ്ണു തുറന്നുറങ്ങി.

പിറ്റേന്നു ഞായറാഴ്ച്ച പ്രഭാതം ദൈവീകശോഭയില്‍ കുളിച്ചു നിന്നു. ഞായറാഴ്ച രാവിലെ എഴുന്നേറ്റ് കുളിച്ചൊരുങ്ങി പള്ളിയില്‍ പോകുക എന്നതായിരുന്നു റോഷിന്റെ അപ്പച്ചന്റെയും അമ്മച്ചിയുടെയും പതിവ്. അതിനാല്‍ അവരോടൊപ്പം റോഷും റീനയും പതിവുപോലെ പള്ളിയിലേക്ക് ഒരുങ്ങി ഇറങ്ങി. പള്ളിയില്‍ പോകാന്‍ വണ്ടിയേല്‍ കേറിയപ്പോഴും, "എന്താ നിന്റെ മുഖം വല്ലാതെ ഇരിക്കുന്നത്" എന്നു അമ്മച്ചി ചോദിച്ചപ്പോഴും റീന മിണ്ടാതെ പുറത്തെ കാഴ്ചകള്‍ നോക്കിയിരുന്നതേയുള്ളൂ. റോഷിന്റെയും, റീനയുടെയും മസില് പിടിച്ചിരിപ്പു കണ്ടപ്പോള്‍ തന്നെ എന്തോ ഒരു ഉരസ്സല്‍ ഉണ്ടെന്ന് അവര്‍ക്ക് മനസിലായങ്കിലും പ്രശ്നത്തില്‍ ഇടപെടാതെ മൂന്നാം അമ്പയറെ പോലെ മൗനം  പാലിച്ചിരുന്നു. അല്ലെങ്കിലും ഭാര്യാഭതൃ ബന്ധങ്ങളിലെ നിസാര  പ്രശ്നങ്ങളില്‍ അമ്മയപ്പന്‍മ്മാര്‍ ഇടപ്പെട്ടാണെല്ലോ സങ്കീര്‍ണമാക്കുന്നത്.

പള്ളി പിരിഞ്ഞു വണ്ടിയേല്‍ കേറാന്‍ നില്‍ക്കുമ്പോളാണ് റോസമ്മ ചേടത്തി വന്നു അമ്മച്ചിയെ വിളിച്ചത്.

"മറിയമേ നീയങ്ങ് പോവാണോടി ... ഒന്നു നിന്നേ ഒരു രസം പറയാം ...!!!"

"എന്തൊണ്ട് റോസമേ വിശേഷം ....എന്താ ഭയങ്കര സന്തോഷം ...എന്തു പറ്റി....  "

"ഭയങ്കര വിശേഷം ഉണ്ടടി .... അതേ നീ നിന്റെ മരുമോളെ കെട്ടിച്ചു വിടാന്‍ പോകയാണോ ...!!!!"

റീനയുടെ കൈയ്യേല്‍ പിടിച്ചുകൊണ്ടാണ് റോസമ്മ ചേടത്തി അത് ചോദിച്ചതു. റോഷും, റീനയും  നന്നായി ഒന്നു ഞെട്ടിയെങ്കിലും അപ്പച്ചനും, അമ്മച്ചിയും തെല്ലു കൌതുകത്തോടെയാണ് ചേടുത്തിയെ നോക്കിയത് .....

"എന്താ .... എന്താ നീ അങ്ങനെ ചോദിച്ചത് .... "

"ഹഹഹഹ അതേടി നമ്മുടെ റീനമോളെ കെട്ടാന്‍ അവിടെ ഒരു ചെറുക്കാന്‍ റെഡി ആയി നില്‍പ്പുണ്ട് .... നമ്മുടെ മുരുപ്പേലെ അവറാച്ചന്റെ അമരിക്കയിലുള്ള മകന്റെ മകനാണ് കക്ഷി.... "

"ഏത് കുഞ്ഞുമോന്‍റെ മോനോ ????"

"അതേ ... വര്‍ഷങ്ങള്‍ക്ക് ശേഷം അവര് എല്ലാവരും വന്നിടുണ്ട് ....കഴിഞ്ഞ ദിവസം അവര്‍ പെണ്ണുകാണാന്‍ പോകുന്ന വഴിയില്‍ വെച്ചു റീന മോളെ ആ ചെറുക്കന്‍ കണ്ടു. ഇന്ന് പള്ളിയില്‍ വെച്ചു വീണ്ടും മോളെ കണ്ടപ്പോള്‍ അവന്‍ അവന്റെ അപ്പനോടു കാര്യം പറഞ്ഞു. കുഞ്ഞുമോനും ഭാര്യയും കൂടെ ഇപ്പോ എന്റെ അടുത്തു വന്നു വിശേഷങ്ങള്‍ ചോദിച്ചു. കൂടെ റീന മോളെ കുറിച്ചും. ആരുടെ മോളാണെന്നും മറ്റും ... സംസാരത്തിനോടുവിലല്ല്യോടി മനസിലായത് കല്ല്യാണമാലോചിക്കാനാണ് എന്നു...... ഞാന്‍ പറഞ്ഞു ആലോചിക്കാം പക്ഷേ അതിന്റെ ഭര്‍ത്താവ് സമ്മതികുമോ എന്നറിയില്ല എന്നു ....അത് കേട്ടപ്പോഴേക്കും അവര്‍ വല്ലാണ്ടായടി....എന്നോടു ക്ഷമയും ചോദിച്ചു അവര്‍ സ്ഥലം വിട്ടു....ഹഹഹഹ. പിന്നെ നീ ഇതൊന്നും ചോദിക്കാന്‍ പോകേണ്ടട്ടോ .....കേട്ടോ റീനമോളെ ഇനി  നീ പള്ളിയില്‍ വരുമ്പോള്‍ ആ മിന്നൊന്നെടുത്ത് പുറത്തിട്ടെര് ...അല്ലേലെ പയ്യന്‍മ്മാര്‍ വന്നു കല്ല്യാണം ആലോചിച്ചു കൊണ്ടേയിരിക്കും  ഹഹഹഹഹ.... "

അപ്പച്ചന്‍, അമ്മച്ചി, റീന റോസമ്മചേടത്തി എല്ലാവരും വണ്ടിയില്‍ കേറി ആ തമാശയേ ആസ്വദിച്ച് ചിരിച്ചു. റോഷ് അപ്പോഴും ആ തമാശ ദഹിക്കാതെ മാര്‍ക്ക് കുറഞ്ഞ വിദ്യാര്‍ഥിയെ പോലെ ചിന്താമഗ്ന്നനായി വണ്ടി മുന്‍പോട്ടെടുത്തു. റോസമ്മചേടുത്തിയെ അവരുടെ വീട്ടിലിറക്കിയ ശേഷം സ്വന്തം വീട്ടിലെത്തി അപ്പച്ചനും, അമ്മച്ചിയും വാതില്‍ തുറന്നു അകത്തേക്കു പോയി. വണ്ടി ഷെഡ്ഡില്‍ ഇട്ടു, മുറ്റത്ത് കിടന്ന പത്രവുമെടുത്ത് വാര്‍ത്തയിലേക്ക് ഊളിയിടുന്ന റോഷിനെ നോക്കി വാതുക്കല്‍ നിന്ന്‍ റീന ഒരു കള്ള ചിരിയോട് കൂടി അകത്തു നില്‍ക്കുന്ന അമ്മച്ചിയോടായി അല്പ്പം ശബ്ദം ഉയര്‍ത്തി ചോദിച്ചു:

"എന്നെ ഇഷ്ടമായി എന്നു പറഞ്ഞ ആ അമേരിക്കകാരന്‍ പയ്യന് എന്തോപ്രായം വരുമമ്മച്ചി.!!!"

"എന്താടി നിനക്കു അവനെ കല്ല്യാണം കഴിക്കണോ?. അവനും റോഷിന്റെ പ്രായമാ...എന്താ ഒന്നു ആലോചിക്കട്ടെ .... ഹഹഹഹ..... " അടുക്കളയില്‍ നിന്നും അമ്മച്ചിയുടെ തമാശ.

"മുമ് .....ചിലപ്പം വേണ്ടി വരുമമ്മച്ചി..."

എല്ലാം കേട്ടു പത്രം മടക്കി അന്ധാളിപ്പ് കലര്‍ന്ന മുഖവുമായി കേറിവന്ന റോഷിനെ നോക്കി റീന അര്‍ത്ഥം വെച്ചു ഒന്നു ചിരിച്ചു "കേട്ടല്ലോ ..!!! ഇപ്പൊഴും എനിക്കു കല്ല്യാണലോചന വരുന്നുണ്ട് .... മറ്റവളെ കുറിച്ചു ഇനി മിണ്ടിയാലുണ്ടെല്ലോ ...ങഹ് !!". റീനയുടെ ഈ ആത്മഗതം റോഷ് അവളുടെ ചിരിയില്‍ നിന്നും അക്ഷരതെറ്റില്ലാതെ വായിച്ചെടുത്ത് ആദ്യ ആലോചനയിലെ പെണ്ണിനെ എന്നന്നേക്കുമായി ചിന്തകളുടെ അഗാതതയില്‍ കുഴിച്ചുമൂടി. തുലാമഴ പെയ്തൊഴിഞ്ഞ മാനം പോലെ റോഷ് പത്രത്തിലെ വാര്‍ത്തകളിലേക്കും, റീന വിജയഭാവത്തോടെ അടുക്കളയിലേക്കും പോയി. ആദ്യരാത്രിയുടെ സുഗന്ധം അപ്പോള്‍ അവിടം മുല്ലപ്പൂമണം കൊണ്ട് നിറയുന്നതായി റോഷിന് തോന്നി. 

13 comments:

 1. അറിയാതെ റീനക്ക് വീണുകിട്ടിയ പിടിവള്ളി കുടഞ്ഞത്, റോഷന്‍ കളിയാക്കുമ്പോള്‍ ഉണ്ടാകുന്ന വിഷമം സ്വയം മനസ്സിലാക്കാന്‍ കാരണമായി.
  രസായി പറഞ്ഞു.

  ReplyDelete
  Replies
  1. അതേ അതേ...... പിടിച്ച് നില്‍കാന്‍ ഒരു കച്ചിതുരുമ്പു..... ആദ്യ കമെന്റിന് നന്ദി റാംജി.....

   Delete
 2. നല്ല രസമുള്ള കഥ.
  കൂടുതലെഴുതൂ, ആശംസകള്‍

  ReplyDelete
  Replies
  1. നിങ്ങളുടെ ഈ പ്രോത്സാഹനം അതാണ് എന്റെ ശക്തി...... നന്ദി അജിത്ത് ഭായി.....

   Delete
 3. അതിമനോഹരമായി എഴുതിയിരിക്കുന്നു.

  ReplyDelete
  Replies
  1. ഈ പ്രോത്സാഹനത്തിന് ഹൃദയം നിറഞ്ഞ നന്ദി ഉദയന്‍ ചേട്ടാ ....

   Delete
 4. ഒരു പുഞ്ചിരി വിരിയിപ്പിക്കുന്ന നല്ല എഴുത്ത്

  ReplyDelete
  Replies
  1. ഇതുവഴി വന്നു വായിച്ച് അഭിപ്രായം രേഖപ്പെടുത്തിയത്തില്‍ സന്തോഷം ...... നന്ദി സുമേഷ് ചേട്ടാ ...

   Delete
 5. കുര്യച്ചോ കലക്കി . വായിച്ച് ചിരിച്ചു ഞാന്‍ ഒരു കോലം ആയി . പിന്നെ അക്ഷരതെറ്റുകള്‍ ഉണ്ട്. ശ്രദ്ധിക്കുക. ആശംസകള്‍ @PRAVAAHINY

  ReplyDelete
 6. നന്നായിരിക്കുന്നു, കുര്യച്ചാ. മയ്നസ് ഇന്റു മയ്നസ് ഈസ്‌ ഈക്വല്‍ ടു പ്ലസ്‌ . ഇനി മിണ്ടരുത്. ഹാ ഹാ

  ReplyDelete
  Replies
  1. ഹഹഹഹ .... അഭിപ്രായം അറിയിച്ചതില്‍ നന്ദി ഡോക്ടര്‍ .... വീണ്ടും ഇതുവഴി വരുമല്ലോ ....

   Delete
 7. "ഇപ്പോഴും എനിക്ക് കല്യാണാലോചന വരുന്നുണ്ട് ... കണ്ടല്ലോ"

  ഹഹ... അത് കലക്കി. ഇനി അവന്‍ ലവളുടെ കാര്യം മിണ്ടില്ല...!!!

  കൊള്ളാം കുര്യച്ചാ!!!

  ReplyDelete

ഈ ബ്ലോഗിലേക്ക് വരുകയും എന്‍റെ മനോവിചാരങ്ങള്‍ വായിക്കുകയും ചെയ്ത താങ്കള്‍ക്ക് എന്‍റെ ഹൃദയം നിറഞ്ഞ നന്ദി