ഹായ് എന്ന രണ്ടക്ഷരം മുഖപുസ്തകത്തിന്റെ ജാലകം തുറന്നു മുന്നിലേക്ക് വന്നപ്പോൾ ഉണങ്ങിവരണ്ട ഭൂമിയിലേക്ക് വീണ തണുത്ത മഴത്തുള്ളി പോലെയാണ് എനിക്ക് അനുഭവപ്പെട്ടത്. ഉള്ളിന്റെ ഉള്ളിൽ വല്ലാത്ത ഒരു സന്തോഷം തിരതള്ളി പുറത്തേക്ക് വന്നുവെങ്കിലും അത് കെട്ടുപാടുകളുടെ കൂറ്റൻ മതിലുകളിൽ തട്ടി വിറച്ചു, വിറങ്ങലിച്ചു നിന്നു.
ജീവിതം എപ്പോഴും അങ്ങനെയാണ് ഒരു ആകസ്മികത ഉണ്ടാകും പക്ഷെ അത് ജീവിതത്തിൽ ഉണ്ടാക്കുന്ന ആശകൾ പലപ്പോഴും ആശങ്കകളായിട്ടാണ് പരിണമിക്കാറ്. അതേ ആശങ്കയിലൂടെയാണ് ഇപ്പോൾ ഞാനും. ആ രണ്ടക്ഷരത്തിന് ഇപ്പോൾ പല ജീവനുകളുടെ, ജീവിതങ്ങളുടെ വിലയാണ്. അതിനെ എങ്ങനെ ഉൾക്കൊള്ളുന്നു എന്നതിനെ ആശ്രയിച്ചിരിക്കും അതിന്റെ വിലയുടെ ഏറ്റക്കുറച്ചിൽ.
എങ്കിലും ഞാൻ ചിന്തകളിൽ മയങ്ങട്ടെ. ഇപ്പോഴത്തെ വസന്തത്തേക്കാൾ കൊഴിഞ്ഞു വീണ ശിശിരത്തിലൂടെ അൽപ്പനേരം....